കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി ശൗചാലയത്തിൽ പ്രസവിച്ച 20കാരിയിൽ നിന്നും പൊലീസ് മൊഴിയെടുത്തു. ഞായറാഴ്ച ഉച്ചയോടെ ജില്ലാ ആശുപത്രിയിലെ ശൗചാലയത്തിൽ ആൺകുഞ്ഞിന് ജന്മം നൽകിയ മാലോംപറമ്പിന് സമീപം താമസിക്കുന്ന അവിവാഹിതയായ യുവതിയിൽ നിന്നുമാണ് ചിറ്റാരിക്കൽ പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയത്.
വയറുവേദനയ്ക്കു ചികിത്സയിലായിരുന്നു പെൺകുട്ടി. രണ്ട് ദിവസം മുമ്പാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗർഭിണിയാണെന്ന വിവരം കൂടെയുണ്ടായിരുന്ന മാതാവിനും അറിയില്ലായിരുന്നുവത്രെ. സംഭവത്തിൽ പരാതിയില്ലെന്ന് പൊലീസിനോട് പെൺകുട്ടി പറഞ്ഞു. അതേസമയം, പെൺകുട്ടിയെ വിവാഹം ചെയ്യാൻ യുവാവ് തയ്യാറായതോടെയാണ് ബന്ധുക്കൾ പരാതിയില്ലെന്ന് അറിയിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.