kuniyan
കുണിയൻ പുഴയോരത്തെ ജനകീയക്കൂട്ടായ്മയിൽ എക്‌സൈസ് പ്രിവന്റീസ് ഓഫീസർ വി.മനോജ് സംസാരിക്കുന്നു

കരിവെള്ളൂർ: പ്രകൃതിരമണീയമായ കുണിയൻ പുഴയോരം കേന്ദ്രീകരിച്ച് വിഹരിക്കുന്ന സാമൂഹ്യവിരുദ്ധരെ നിലയ്ക്ക് നിർത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ. മുങ്ങം പാലത്തിന് സമീപത്താണ് പുറംനാടുകളിൽ നിന്നെത്തുന്ന സംഘങ്ങൾ മദ്യപാനത്തിനും മയക്കുമരുന്ന് ഉപയോഗത്തിനും കേന്ദ്രീകരിക്കുന്നത്.
ഇതുവഴി നടക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. ഉപയോഗിച്ച് വലിച്ചെറിയുന്ന കുപ്പികൾ കൃഷിയിടങ്ങളിലേക്ക് വലിച്ചെറിയുന്ന പതിവുമുണ്ട്. കുപ്പിച്ചില്ലുകൾ തറക്കുന്നതിനാൽ പുഴയിൽ ഇറങ്ങാൻ പോലും മടിക്കുകയാണ് നാട്ടുകാർ. ഇതുവഴി സഞ്ചരിക്കുന്ന നാട്ടുകാരെ ഭീഷണിപ്പെടുത്തിയ അനുഭവം പോലും ഈയിടെയുണ്ടായെന്ന് ഇവിടുത്തുകാർ പറയുന്നു. പുറമെ നിന്നെത്തുന്ന സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നതും ഇവിടെ പതിവാണ്.
നിരന്തരമായ ശല്യത്തിൽ പൊറുതി മുട്ടി ആക് ഷൻ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ് നാട്ടുകാർ. സ്‌ക്വാഡുകൾ രൂപീകരിച്ച് മുഴുവൻ സമയത്തും പുഴയോരം നിരീക്ഷിക്കാൻ കമ്മിറ്റി രൂപീകരണയോഗം തീരുമാനിച്ചു.
വാർഡ് മെമ്പർ എ. ഷീജയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. എക്‌സൈസ് പ്രിവന്റീസ് ഓഫീസർ വി.മനോജ്, അപ്യാൽ രാഘവൻ, പി. കുഞ്ഞിക്കൃഷ്ണൻ, പി. കൃഷ്ണൻ, വി. സന്തോഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പി. കുഞ്ഞിക്കൃഷ്ണൻ (ചെയർമാൻ), പി. ദാമോദരൻ (കൺവീനർ).