കണ്ണൂർ: സംസ്ഥാനത്തെ ആദ്യത്തെ ഹരിത സബ് ജയിലാകാൻ കണ്ണൂർ സ്പെഷ്യൽ സബ് ജയിൽ ഒരുങ്ങുന്നു. ജയിൽ പരിസരം മാലിന്യമുക്തമാക്കുകയും കൃഷിയിലൂടെ സ്വയംപര്യാപ്തത ഉറപ്പാക്കുകയും ചെയ്താണ് ഈ അപൂർവ്വ നേട്ടം കൈവരിക്കുന്നത്. ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുടെ സഹകരണത്തോടെയാണിത്.
ജൈവമാലിന്യങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തും. അജൈവ മാലിന്യങ്ങൾ ജയിൽ വളപ്പിൽനിന്ന് ക്ലീൻ കേരള കമ്പനിയുടെ സഹായത്തോടെ പൂർണമായി ഒഴിവാക്കും. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ മുഴുവൻ ശേഖരിച്ച് മണ്ണിനെ മാലിന്യമുക്തമാക്കിയശേഷമാണ് കൃഷി തുടങ്ങിയത്.
ഹരിത ജയിലാകുന്നതോടെ ഇവിടെ എത്തുന്ന മുഴുവൻ പ്ലാസ്റ്റിക് കവറുകളും ക്ലീൻ കേരള കമ്പനി ശേഖരിക്കും. പാലിന്റേതടക്കമുള്ള കവറുകൾ വൃത്തിയാക്കിയാണ് കൈമാറുക. ജൈവ മാലിന്യങ്ങൾ വളമാക്കി കൃഷിക്ക് ഉപയോഗിക്കും.
ഇതിനായി തടവുകാർക്കും ജീവനക്കാർക്കും പരിശീലനവും നൽകി. മൂന്നരയേക്കറിൽ പ്രവർത്തിക്കുന്ന ജയിൽ വളപ്പിലാകെ കൃഷിചെയ്യുന്നുണ്ട്. ജയിലിലെ ഭക്ഷണത്തിനുവേണ്ടിയാണ് ഇവ ഉപയോഗിക്കുന്നത്. മത്സ്യകൃഷിക്കായി കുളവും നിർമ്മിച്ചിട്ടുണ്ട്.
ഹരിത ജയിൽ പ്രഖ്യാപനം 9ന് മന്ത്രി ഇ.പി ജയരാജൻ നിർവഹിക്കും. ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കഥാകൃത്ത് ടി.പത്മനാഭൻ മുഖ്യാതിഥിയാകും.
സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് സ്പെഷ്യൽ സബ് ജയിലും ആ നിലയിലേക്ക് വരുന്നത്. ഹരിത കേരള മിഷൻ, ശുചിത്വമിഷൻ, ക്ളീൻ കേരള കമ്പനി എന്നിവയുടെ ആഭിമുഖ്യത്തിലാണ് കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. കണ്ണൂർ സ്‌പെഷ്യൽ സബ്‌ജയിലിലെ റിമാൻഡ് തടവുകാരെ മുഴുവൻ കൃഷിക്കും മറ്റ് സേവനപ്രവർത്തനങ്ങൾക്കുമായി ഉപയോഗപ്പെടുത്തുന്നുണ്ട്-
ടി.കെ. ജനാർദ്ദനൻ
ജയിൽ സൂപ്രണ്ട്, സ്പെഷ്യൽ സബ് ജയിൽ