ചിറ്റാരിപ്പറമ്പിൽ ആറു വയസ്സുകാരന് ഷിഗല്ല
കണ്ണൂർ: ജില്ലയിൽ ആദ്യമായി ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് എട്ടാം വാർഡ് പൂവത്തിൻ കീഴിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറുവയസുകാരനാണ് ഷിഗല്ല സ്ഥിരീകരിച്ചത്.
കുട്ടി ഇപ്പോൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 27നാണ് കുട്ടിക്ക് വയറിളക്കം തുടങ്ങിയത്. ഇതേ വീട്ടിലെ മറ്റ് രണ്ട് കുട്ടികൾക്കും വയറിളക്കമുണ്ടായിരുന്നു. മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഒരാളുടെ രോഗം ഭേദമാകാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗല്ല കണ്ടത്തിയത്.
തൊടീക്കളം പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ഷെറീജ് ജനാർദ്ദനൻ, ഹെൽത്ത് ഇൻസ്‌പെക്ടർ എം. ബദറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ കിണർവെള്ളം പരിശോധിക്കുകയും സൂപ്പർ ക്ലോറിനേഷൻ നടത്തുകയും ചെയ്തു.
പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാൽ മലത്തോടൊപ്പം രക്തവും കാണാൻ സാദ്ധ്യതയുണ്ട്. മലിനജലത്തിലൂടെയും കേടായ ഭക്ഷണങ്ങളിലൂടെയുമാണ് രോഗം പകരുന്നത്. ഗുരുതരാവസ്ഥയിലെത്തിയാൽ മരണം വരെ സംഭവിക്കാവുന്ന പകർച്ചവ്യാധിയാണ് ഷിഗല്ല. അതിനാൽ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യ സഹായം തേടണമെന്ന് ആരോഗ്യവകുപ്പുദ്യോഗസ്ഥർ അറിയിച്ചു.
ശ്രദ്ധിക്കുക
തിളപ്പിച്ചാറ്റിയ വെളളം മാത്രം കുടിക്കുക.
കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.
ഡയപ്പറുകൾ ശരിയായ രീതിയിൽ സംസ്‌കരിക്കുക.
പഴകിയതോ കേടായതോ ആയ ഭക്ഷണം കഴിക്കാതിരിക്കുക.
പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുക.
ഭക്ഷണം അടച്ചു സൂക്ഷിക്കുക.
രോഗലക്ഷണമുള്ളവർ പാചകം ചെയ്യരുത്.
കക്കൂസ്, കുളിമുറി എന്നിവ അണുനശീകരണം നടത്തുക