ചെറുപുഴ: കേരളീയ യുവത്വത്തെ വലിയ തോതിൽ സ്വാധീനിക്കാൻ അനിൽ പനച്ചൂരാന്റെ സിനിമാ ഗാനങ്ങൾക്കും കവിതകൾക്കും കഴിഞ്ഞതായി സാമൂഹ്യ ചിന്തകനും കവിയുമായ പ്രാപ്പൊയിൽ നാരായണൻ അനുസ്മരിച്ചു. കക്കോട്ടുകാർ കൂട്ടായ്മയുടെ ഓൺലൈൻ സമ്മേളനത്തിൽ അനിൽ പനച്ചൂരാൻ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റ് കവികളായ ചിലരിൽ ദൃശ്യമായ രണ്ടാം കാവ്യജീവിതത്തിലെ ദിശ മാറ്റം പനച്ചൂരാന്റെ കവിതകളിലും സംഭവിച്ചിട്ടുണ്ട്. കാലത്തെ കണ്ടറിഞ്ഞ കവിതകളെന്ന നിലയിൽ അദ്ദേഹത്തിന്റെ രചനകളെ കൂടുതൽ പഠനവിധേയമാക്കേണ്ടതുണ്ടെന്നും പ്രാപ്പൊയിൽ നാരായണൻ പറഞ്ഞു.
അനുസ്മരണ സമ്മേളനം ആലക്കോട് പഞ്ചായത്തംഗം ജയാ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഇ. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കക്കോട്ടുകാർ കൂട്ടായ്മയുടെ സെക്രട്ടറി കെ. രാജേഷ്, വി.എസ് സജേഷ്, കെ.വി പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.