ചെറുപുഴ: കുറിയ ഇനം തെങ്ങ് കൃഷിയ്ക്ക് ഇറങ്ങിയ കർഷകരെ ആശങ്കയിലാക്കി രോഗങ്ങളും കീടങ്ങളും വിഹരിക്കുന്നു. കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി എന്നിവയാണ് ആക്രമണം കൊഴിപ്പിക്കുന്നത്. കാമ്പ് കാർന്നു തിന്നുന്നതോടെ കൂമ്പ് ചീയൽ ബാധിക്കും. കൂമ്പ് മറിഞ്ഞ് വീഴുമ്പോഴാണ് കർഷകർ രോഗബാധ അറിയുക. ഇതിനകം തെങ്ങിൻ തടിയുടെ ഉള്ളിലും മുട്ടയിട്ട് പെരുകിയിട്ടുണ്ടാകും. ഇത് കർഷകന് വൻ നഷ്ടമാണ് ഉണ്ടാക്കുന്നത്.
ഉയരമുള്ള തെങ്ങിൽ കയറി തേങ്ങയിടാൻ ആളെ കിട്ടാത്തതും ഉത്പാദനക്ഷമത കുറഞ്ഞതും ആദ്യമായി കായ്ക്കാൻ എട്ട് - പത്ത് വർഷം വേണ്ടതും ഒക്കെ നെടിയ ഇനങ്ങളുടെ പോരായ്മകളായിരുന്നു. ഇതിനെ മറികടക്കാനാണ് പൊക്കം കുറഞ്ഞ ഇനങ്ങൾ കർഷകർ തിരഞ്ഞെടുത്തത്. ഒടുവിലാണ് ഇങ്ങനെയൊരു പണി വന്നത്.
കാഴ്‌ചയിൽ സുന്ദരൻ കുറിയ ഇനം
കുറിയ ഇനങ്ങൾ രണ്ട് - മൂന്ന് വർഷം കൊണ്ട് കായ്ച്ച് തുടങ്ങും. തെങ്ങിൽ നിറയെ തേങ്ങ ഉണ്ടാവും. തമിഴ്നാട്ടിലും തെലുങ്കാനയിലുമൊക്കെ കുറിയ ഇനങ്ങൾ വൻ വിജയമായിരുന്നു. നെടിയ ഇനങ്ങൾക്ക് ശരാശരി 80 മുതൽ 120 തേങ്ങ വരെ ലഭിക്കുമ്പോൾ പൊക്കം കുറഞ്ഞവയ്ക്ക്
200 മുതൽ 250 വരെ തേങ്ങ കിട്ടുമെന്നും കുറെക്കാലം വിളപ്പെടുപ്പ് നിലത്ത് നിന്ന് നടത്താമെന്നതും ഗുണകരമാണ്. കരിക്കിന് പറ്റിയ ഇനങ്ങളാണ് ഇവ. നീര ടാപ്പിംഗിനും കുറിയ ഇനങ്ങളാണ് നല്ലത്. മലയൻ ഓറഞ്ച്, മലയൻ ഗ്രീൻ, മലയൻ യെല്ലോ എന്നിവയാണ് വ്യാപകമായി കൃഷി ചെയ്തത്.
കുള്ളൻ വിപ്ലവം അവസാനിച്ചു
രോഗങ്ങൾ കൂടിയതോടെ വെസ്റ്റ് കോസ്റ്റ് ടോൾ ഇനങ്ങളാണ് നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമെന്ന് കർഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. കാസർകോടൻ, കുറ്റാടി തെങ്ങിൻ തൈകൾക്കാണ് ഇന്ന് ഏറെ പ്രിയം. നന്നായി പരിചരിച്ചാൽ ആറ് - ഏഴ് വർഷം കൊണ്ട് ഇവ കായ്ച്ച് തുടങ്ങും. കാമ്പിന് കട്ടിയുള്ള ഇവയിൽ നിന്ന് കൊപ്രയും എണ്ണയും കൂടുതൽ ലഭിക്കും.
റബ്ബർ മുറിച്ച ഒന്നരയേക്കർ സ്ഥലത്ത് 100 കുറിയ ഇനം തെങ്ങ് വെച്ച തിരുമേനിയിലെ ജൈവ കർഷകനായ നെല്ലുവേലിൽ ബേബിച്ചൻ ഇവയെ സംരക്ഷിക്കാൻ ബുദ്ധിമുട്ടുകയാണ്. മൂന്നര വർഷം പ്രായമായ ഇവയിൽ 70 തേങ്ങ വരെ പിടിച്ചവയുണ്ട്. എന്നാൽ നന്നായി കായ്ക്കുന്ന അഞ്ച് തെങ്ങുകൾ നശിച്ചു കഴിഞ്ഞു. കീടങ്ങളെ അകറ്റാൻ വേപ്പിൻ പിണ്ണാക്ക് ചുവട്ടിലും തെങ്ങിന്റെ കവിളിലും ഇട്ടാണ് ബേബിച്ചൻ പിടിച്ചു നിൽക്കുന്നത്. കിലോയ്ക്ക് 35 രൂപയ്ക്ക് മേൽ വിലയുള്ള വേപ്പിൻ പിണ്ണാക്ക് ഇടുന്നത് ആദായകരമല്ല. ജോസഫ് മുള്ളൻമടയുടെ അഭിപ്രായവും വ്യത്യസ്തമല്ല. കണ്ണിന് കുളിർമ്മയേകി വളർന്നു വന്ന 25 തെങ്ങുകൾ മൂന്നര വർഷം കൊണ്ട് കായ്ച്ചു. ഇതിനിടെ നാലെണ്ണം പൂർണ്ണമായി നശിച്ചു. പക്ഷെ ചെല്ലിയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ ഇടയ്ക്കിടെ കൂമ്പ് മുറിച്ചുവിടേണ്ടി വരുന്നത് വളർച്ചയെ ബാധിക്കുന്നുണ്ട്.
കുള്ളൻ ഇനങ്ങൾക്ക് നല്ല വളർച്ച ഉണ്ടായിരുന്നു. മൂന്നാം വർഷത്തിൽ കായ്ച്ചു. പക്ഷെ ഇവയെ സംരക്ഷിക്കുന്നത് പ്രയാസമാണ്
ബേബിച്ചൻ നെല്ലുവേലിൽ
സമ്മിശ്ര ജൈവ കർഷകൻ
ചുവട്ടിൽ നിന്ന് മാറാതെ പരിചരിച്ചാൽ മാത്രമേ ഇത്തരം തെങ്ങുകൾ നിലനിൽക്കൂ. ഉയരം കൂടിയ ഇനങ്ങളാണ് നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യം.
ജോസഫ് മുള്ളൻ മട