തലശേരി:വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കൊടുവള്ളി റെയിൽവേ ഓവർബ്രിഡ്ജ് യാഥാർത്ഥ്യത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ 23ന് തറക്കല്ലിടുന്നതോടെ കൊടുവള്ളി ഓവർബ്രിഡ്ജ് പ്രവൃത്തിക്ക് ഔദ്യോഗികമായ തുടക്കമാകും. സർക്കാരിന്റെ നൂറുദിന പരിപാടിയിൽ പ്രഖ്യാപിച്ച പദ്ധതികളിലൊന്നാണിത്.
ദേശീയപാതയിൽ കൊടുവള്ളിയിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കും യാത്രാക്ലേശവും ഓവർബ്രിഡ്ജ് വരുന്നതോടെ പരിഹരിക്കപ്പെടും. തലശേരി–അഞ്ചരക്കണ്ടി റോഡിലെ കൊടുവള്ളി റെയിൽവേ ലെവൽക്രോസ് അടക്കുമ്പോൾ ദേശീയപാതയിൽ ഗതാഗതസ്തംഭനം പതിവായിരുന്നു. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള പ്രധാനപാതകൂടിയാണിത്.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷമാണ് സ്ഥലമെടുപ്പ് വേഗത്തിലായത്. സ്ഥലമെടുപ്പ് ചോദ്യംചെയ്ത് കോടതിയിലും ഹർജിയെത്തിയിരുന്നു. ആകർഷകമായ പാക്കേജോടെ മെച്ചപ്പെട്ട നഷ്ടപരിഹാരം ഉടമകൾക്ക് നൽകി. ഇതോടെ തടസ്സങ്ങളും എതിർപ്പും അവസാനിച്ചു. 24 പേരിൽനിന്ന് 1.15 ഏക്കർ സ്ഥലമാണ് ഏറ്റെടുത്തത്. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളും മറ്റും പൊളിച്ചുനീക്കി തുടങ്ങി. 23ന് രാവിലെ 11ന് ഓൺലൈനായി ചേരുന്ന ചടങ്ങിൽ മന്ത്രി ജി.സുധാകരൻ അദ്ധ്യക്ഷത വഹിക്കും.
കാത്തിരിപ്പ് 9 മാസം കൂടി
ഒമ്പത് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ധാരണ. പാലത്തിന്റെ ഡിസൈൻ തയ്യാറാക്കൽ അന്തിമഘട്ടത്തിലാണ്. ഡിസൈനിന് കൺസൾട്ടൻസിയുടെ അനുമതിയും ചെന്നൈ ഐ.ഐ.ടിയുടെ അംഗീകാരവും ലഭിച്ചാലേ പ്രവൃത്തി തുടങ്ങൂ.
ചിലവ് 21.4 കോടി
കൊടുവള്ളിയിൽനിന്ന് 314 മീറ്റർ നീളത്തിൽ 10.05 മീറ്റർ വീതിയിൽ രണ്ടുവരിപ്പാതയായാണ് നിർമ്മാണം. 21.4 കോടി രൂപയാണ് ചിലവ്. 15.68 കോടി രൂപ ചെലവിട്ടാണ് സ്ഥലമെടുപ്പ് പൂർത്തിയാക്കിയത്. പുനരധിവാസ പാക്കേജായി ആറുപേർക്ക് 17.68 ലക്ഷം രൂപ നൽകി.