കണ്ടുപിടിത്തം ഗോണ്ട്വാന ഭൂഖണ്ഡ സിദ്ധാന്തത്തിന് ബലം പകരുന്നത്
കുഞ്ഞിമംഗലം: ആഫ്രിക്കയിൽമാത്രം കണ്ടുവന്നിരുന്ന 'യൂപ്ലോക' എന്ന സസ്യ ജനുസ്സിലെ പുതിയൊരു സസ്യത്തെ കോറോം കാനായിക്കാനം ചെങ്കൽ പരപ്പുകളിൽ കണ്ടെത്തി. 'യുപ്ലോക ബാക്ലീ' എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഈ കുഞ്ഞൻ സസ്യം ചെങ്കൽ കുന്നുകളിൽ മഴക്കാലത്തു മാത്രം രൂപപ്പെടുന്ന ചളി നിറഞ്ഞ ചതുപ്പുകളിലാണ് വളരുന്നത്.
ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞരായ ഡോ. ടി. ഷാജു, ഡോ. എം. രാജേന്ദ്രപ്രസാദ്, എം.പി. റിജുരാജ്, എ.ജി. പാണ്ഡുരങ്കൻ, പയ്യന്നൂർ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം. കെ. രതീഷ് നാരായണൻ എന്നിവരടങ്ങുന്ന ഗവേഷകരാണ് പുതിയ സസ്യത്തിന്റെ കണ്ടെത്തലിനു പിന്നിൽ.
'എബ്രഹാമിയ' എന്ന അന്താരാഷ്ട്ര ജർണലിന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന കണ്ടെത്തൽ ആഫ്രിക്കയും ഇന്ത്യൻ ഉപഭൂഖണ്ഡവും 'ഗോണ്ട്വാന' എന്ന ഒറ്റ ഭൂഖണ്ഡമായിരുന്നു എന്ന ശാസ്ത്ര നിഗമനത്തിനു ബലമേകുന്നതാണ്.
ചെങ്കൽ ചതുപ്പുകളിലെ ചളിയിൽ പുതഞ്ഞു വളരുന്ന ഈ സസ്യം വേനലാരംഭത്തിൽ ചതുപ്പ് ഉണങ്ങുതോടു കൂടിയാണ് പുഷ്പിച്ചു വിത്തുണ്ടാകുന്നത്. ഔഷധ സസ്യമായ 'തേൾക്കട' (ഹെലിയോട്രോപ്പിയം) ഉൾപ്പെടുന്ന ബൊറേജിനേസിയെ എന്ന സസ്യ കുടുംബത്തിലെ പുതിയ സസ്യമാണ് യൂപ്ലോക. അവശേഷിക്കുന്ന ചെങ്കൽ കുന്നുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കൂടി പുതിയ കണ്ടെത്തൽ ഓർമ്മിപ്പിക്കുന്നുണ്ട്.