thuniveli

കാഞ്ഞങ്ങാട്: ഞാറ്റടികൾ തിന്നു നശിപ്പിക്കുന്ന വെട്ടുകിളികളെ അകറ്റാൻ വയലിൽ പല വർണ്ണത്തിലുള്ള തുണികൊണ്ട് വേലികെട്ടി കർഷകർ. പുഞ്ചകൃഷിക്കിറങ്ങിയ കർഷകരാണ് വെട്ടുകിളി ശല്യം മൂലം പൊറുതിമുട്ടിയത്.

ഞാറ്റടി പാകിയ വയലുകളിലെത്തിയ നൂറുകണക്കിന് കിളികൾ ഞാറ്റടിതണ്ടുകൾതന്നെ കൊത്തിയിടുകയാണ്. കഴിഞ്ഞ പുഞ്ചകൃഷിയിൽ ഇക്കാര്യം ശ്രദ്ധിക്കാതെപോയ കർഷകർക്ക് വയലുകളിൽ കാണാൻ കഴിഞ്ഞത് പാതി മുറിഞ്ഞ ഞാറ്റടികളാണ്. കതിരുവെയ്ക്കുന്ന സമയത്ത് ഈച്ചകളുടെ ആക്രമണമാണ് പ്രശ്‌നമാകുന്നതെങ്കിൽ, വിളഞ്ഞ നെല്ല് കൊത്തിപ്പറിക്കാനും പക്ഷികൾ കൂട്ടത്തോടെ വയലിലെത്തും. നഗരസഭയിൽ 12ാം വാർഡിൽപെടുന്ന കവ്വായി വയൽ, 11,10 വാർഡുകളിലായി കിടക്കുന്ന ബല്ലത്ത് വയൽ എന്നിവിടങ്ങളിലൊക്കെ പക്ഷികളുടെ ആക്രമണം വലിയതോതിൽ അനുഭവപ്പെടുന്നുണ്ടെന്ന് കർഷകനായ എം. സുകുമാരൻ പറയുന്നു. കവ്വായി വയലിൽ സുകുമാരൻ ഒരു ഏക്കറിൽ അധികം കൃഷിയിറക്കിയിട്ടുണ്ട്. വെട്ടുകിളി ശല്യം നേരിടാൻ കൃഷിവകുപ്പിന്റെ പക്കൽ പദ്ധതികളൊന്നുമില്ലാത്തതിനാലാണ് കർഷകരുടെ ഈ പൊടിക്കൈ.

പലവർണത്തിലുള്ള തുണികളാകുമ്പോൾ വെയിലിൽ പക്ഷികളുടെ കണ്ണിലേക്ക് തന്നെ നിറമെത്തും. അതുവഴി പക്ഷികൾ വയലിൽ ഇറങ്ങാതിരിക്കും.

എം. സുകുമാരൻ, കർഷകൻ