നീലേശ്വരം\ചെറുവത്തൂർ: കുറച്ചുദിവസങ്ങളായി നീലേശ്വരം, ചെറുവത്തൂർ തീരദേശമേഖലയിൽ പുഴയോരത്ത് ജലനിരപ്പുയരുന്നത് മൂലം ജനങ്ങളുടെ ജീവിതം കടുത്തദുരിതത്തിൽ. വേലിയേറ്റസമയത്താണ് അസ്വാഭാവികമായി ഉപ്പുവെള്ളം അടിച്ചുകയറുന്നത്. പ്രധാനമായും തേജസ്വിനിപ്പുഴയുടെ തീരത്താണ് ഉപ്പുവെള്ളഭീഷണി. ജില്ലയുടെ അഭിമാനപദ്ധതിയായ പാലായി ഷട്ടർ കം ബ്രിഡ്ജ് മൂലമാണ് ഉപ്പുവെള്ളം കയറുന്നതെന്ന പ്രചാരണം ഉയരുന്നുണ്ടെങ്കിലും ഇതുവരെ ഷട്ടർ ഇട്ടിട്ടില്ലാത്ത പദ്ധതിയെ പഴിക്കുന്നതിൽ അടിസ്ഥാനമില്ലെന്നാണ് ജില്ലാഭരണകൂടം വ്യക്തമാക്കുന്നത്.
നീലേശ്വരം നഗരസഭയുടെ തീരദേശപ്രദേശങ്ങളായ മുണ്ടേമ്മാട് ദ്വീപ്, പുറത്തേകൈ, കടിഞ്ഞിമൂല, ചെറുവത്തൂർ പഞ്ചായത്തിലെ അച്ചാംതുരുത്തി പ്രദേശങ്ങളിലാണ് വേലിയേറ്റത്തിൽ ഉപ്പുവെള്ളം കയറുന്നത്. ഉപ്പുവെള്ളം കയറിയതോടെ കിണറുകളിലെ വെള്ളത്തിനും രുചിവ്യത്യാസം തുടങ്ങിയിരുന്നു. ഫലവൃക്ഷങ്ങൾക്കും പച്ചക്കറികൾക്കും ഉപ്പുവെള്ളം കയറിയതോടെ ചെറിയ വാട്ടവും സംഭവിച്ചിരുന്നു. നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട മുണ്ടേമ്മാട്, അച്ചാംതുരുത്തി ദ്വീപുകളിലാണ് ഉപ്പുവെള്ള ഭീഷണി കൂടുതലും. ഉച്ചയ്ക്ക് തുടങ്ങുന്ന വേലിയേറ്റം രാത്രിയോടെ അതിരൂക്ഷമാകുകയാണ്. പ്രദേശത്തെ കിണറുകളിൽ ഭൂരിഭാഗവും മലിനമായിക്കഴിഞ്ഞു. നാനൂറ് കുടുംബങ്ങളുള്ള അച്ചാംതുരുത്തി ദ്വീപിൽ കടുത്ത കുടിവെള്ളക്ഷാമമാണ് നേരിടുന്നത്. മുണ്ടേമ്മാടിലെ അവസ്ഥയും വ്യത്യസ്തമല്ല. കരിങ്കൽഭിത്തി കെട്ടി തീരം സംരക്ഷിക്കാനുള്ള നടപടികളെടുക്കണമെന്നാണ് ഉപ്പുവെള്ളഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ നിന്നുയരുന്ന ആവശ്യം.
ഷട്ടർ കം ബ്രിഡ്ജല്ല, കടലിലെ പ്രതിഭാസം
പുഴയിൽ കണ്ടുവരുന്ന വേലിയേറ്റം കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന്റെ ഭാഗമാണെന്ന് വിദഗ്ധരും പ്രായമേറിയ മത്സ്യത്തൊഴിലാളികളും പറയുന്നു. ചില കാലങ്ങളിൽ കടലിൽ കിലോമീറ്ററുകൾക്കപ്പുറം കൊടുങ്കാറ്റ് വീശുമ്പോൾ കാലാവസ്ഥ വ്യതിയാനം മൂലം ഇത്തരം വേലിയേറ്റം ഉണ്ടാവാറുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ഇറിഗേഷൻ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തി
അസാധാരണ വേലിയേറ്റം മൂലം ഉപ്പുവെള്ളഭീഷണിയിലായ പ്രദേശങ്ങളിൽ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തി. മുണ്ടേമ്മാട് ദ്വീപിലടക്കം സംഘം സന്ദർശിച്ച് പ്രശ്നങ്ങൾ വിലയിരുത്തി. കുടിവെള്ളപ്രശ്നമടക്കമുള്ള വിഷയങ്ങൾ നാട്ടുകാർ സംഘത്തെ അറിയിച്ചു.
എം.രാജഗോപാലൻ തൃക്കരിപ്പൂർ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘവും ഇന്നലെ പ്രദേശം സന്ദർശിച്ചു. മുണ്ടേമ്മാട് ദ്വീപ്, പൊടോത്തുരുത്തി, കടിഞ്ഞിമൂല, പുറത്തേക്കൈ എന്നീ പ്രദേശങ്ങളിൽ അടിയന്തര ഇടപെടൽ നടത്തി ഉപ്പുവെള്ളക്കെടുതി കുറയ്ക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ എം.എൽ.എ അധികൃതർക്ക് നിർദ്ദേശം നൽകി.
നീലേശ്വരം നഗരസഭയുടെ തീരദേശ മേഖലയിൽ ഉപ്പ് വെള്ളം കയറുന്നത് പാലായി റഗുലേറ്റർ കം ബ്രിഡ്ജ് പണിയുന്നതുമായി ബന്ധപ്പെട്ടിട്ടില്ല. ശാസ്ത്രീയമായാണ് ഇറിഗേഷൻ വകുപ്പ് പാലായി റഗുലേറ്റർ കം ബ്രിഡ്ജ് പണിയുന്നത്. റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടർ ഇതുവരെയായി അടച്ചിട്ടുമില്ല-
ജില്ല കളക്ടർ ഡോ. ഡി. സജിത് ബാബു.