കൂത്തുപറമ്പ്: വീടിനു മുൻപിൽ അനധികൃതമായി കാർ പാർക്ക് ചെയ്തത് ചോദ്യം ചെയ്ത വിരോധത്തിന് ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും മർദ്ദിച്ചതായി പരാതി. കോട്ടയം അങ്ങാടിയിലെ മമ്പള്ളി ഹൗസിൽ ഉമ്മർ (52), മകൻ സഫ്‌നാസ് (23), മകൾ മൻസീറ (28), മകളുടെ ഭർത്താവ് സുഹൈൽ (34) എന്നിവർക്കാണ് പരുക്കേറ്റത്.

ഹൃദ്രോഗി കൂടിയായ ഉമ്മർ തലശ്ശേരി സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. സഫ്നാസ്, മൻസീറ എന്നിവർ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും സുഹൈൽ ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം. രണ്ടംഗ സംഘമാണ് മർദ്ദിച്ചതെന്ന് പരുക്കേറ്റവർ പറഞ്ഞു. കതിരൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.