കൂത്തുപറമ്പ്: കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും നാട്ടിൽ കൂറ്റൻ കഥകളിചിത്രം ഒരുക്കി ജനങ്ങളെ വരവേൽക്കാൻ ഒരുങ്ങുകയാണ് കൂത്തുപറമ്പ് നഗരസഭയും ജനമൈത്രി പൊലീസും. കൂത്തുപറമ്പ് ബസ് സ്റ്റാൻഡിന്റെ പ്രവേശനകവാടത്തിലാണ് 24 അടി നീളത്തിലും 20 അടി വീതിയിലും ചിത്രം വരയ്ക്കുന്നത്.
കൃഷ്ണ വേഷമാണ് മനോഹരമായി ആവിഷ്കരിച്ചിട്ടുള്ളത്. മുഖത്തെഴുത്ത്, വേഷവിധാനങ്ങൾ, ശംഖ്, വനമാല എന്നിവയെല്ലാം ചിത്രകാരൻ ഷൈജു കെ. മാലൂർ അതിമനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം ചിത്രം പൂർത്തിയാകുമെന്ന് ഷൈജു കെ. മാലൂർ പറഞ്ഞു.
കൂത്തുപറമ്പിനെ സൗന്ദര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി നഗരസഭയും പൊലീസും മുൻകൈയെടുത്താണ് വിസ്മയക്കാഴ്ച ഒരുക്കുന്നത്. ചിത്രകാരന്മാരായ രൂപേഷ് ചിത്രകലയും, അർജുൻ ടി. പ്രദീപും ഷൈജുവിനൊപ്പമുണ്ട്.