palam
അപകടാവസ്ഥയിലുള്ള ഇരിക്കൂർ പാലം

ഇരിക്കൂർ: ഇരിക്കൂർ പാലത്തിലൂടെ കടന്നുപോകുന്ന വാഹന യാത്രക്കാരുടെ നെഞ്ചിടിപ്പ് കൂടിവരുന്നു. എന്നിട്ടും പി.ഡബ്‌ള്യു.ഡിക്ക് യാതൊരു കുലുക്കവുമില്ല. ഓട്ടോറിക്ഷ കടന്നുപോകുമ്പോൾ പോലും പാലത്തിൽ കുലുക്കം അനുഭവപ്പെടുമെന്നാണ് നാട്ടുകാർ പറയുന്നത്. 47 വർഷം മുമ്പ് പണിത പാലത്തിന്റെ കാലാവധി കഴിഞ്ഞിട്ട് കാലം കുറേയായി. ഇത്രയും വർഷത്തിനിടയിൽ കാര്യമായ അറ്റകുറ്റപണികളൊന്നും പാലത്തിൽ നടത്തിയിട്ടില്ല. 12 തൂണുകളിലായി 800 മീറ്റർ നീളമുള്ള പാലം ഏത് സമയത്തും തകർന്നു വീഴുമെന്നതാണ് അവസ്ഥയാണെന്നും പറയുന്നു.

പാലത്തിൽ നിറയെ കുഴികളാണ്. പില്ലറുകൾ ഏതാണ്ട് എല്ലാം ദ്രവിച്ച് നിൽക്കുകയാണ്. കൈവരികൾ എന്നത് സങ്കൽപ്പത്തിന് മാത്രം.

ജില്ലയിലെ മന്ത്രി ഇ.പി. ജയരാജൻ മൂന്ന് തവണ നേരിട്ട് സന്ദർശിച്ച് അപകടാവസ്ഥ ബോദ്ധ്യപ്പെട്ടതാണ്. എത്രയും പെട്ടെന്ന് നടപടി എടുക്കുമെന്ന് മന്ത്രി പറഞ്ഞെങ്കിലും ഒന്നും നടന്നില്ലെന്ന് മാത്രം. അറ്റകുറ്റപ്പണി നടത്തി പണം പാഴാക്കാതെ സമാന്തരമായി പാലം പണിയുകയാണ് പോംവഴിയെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. ഈ ആവശ്യം ഉന്നയിച്ച് നിരവധി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിനും നിവേദനങ്ങൾക്കും കൈയ്യും കണക്കുമില്ല.

ഇരിക്കൂർ, ഇരിട്ടി, ശ്രീകണ്ഠാപുരം, കണ്ണൂർ, തലശ്ശേരി തുടങ്ങിയ ഭാഗങ്ങളിലേക്ക് എത്തണമെങ്കിൽ പ്രധാന മാർഗമാണ് ഇരിക്കൂർ പാലം. ഊരത്തൂർ, കല്യാട് ഭാഗങ്ങളിലെ ചെങ്കൽ പണകളിലേക്ക് പ്രതിദിനം മൂവായിരത്തോളം ലോറികൾ പാലം വഴി കടന്നുപോകുന്നുണ്ട്. നൂറിലധികം ബസുകളും സർവ്വീസ് നടത്തുന്നുണ്ട്. മാത്രമല്ല, ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്ക് പാലം വഴി എളുപ്പത്തിൽ എത്താൻ കഴിയും.

എസ്.വൈ.എസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിവേദനം നൽകിയിരുന്നു. പാലം അറ്റകുറ്റപ്പണി ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകും.

അബ്ദുൾനാസർ ഇരിക്കൂർ, എസ്.വൈ.എസ്. ഇരിക്കൂർ ഏരിയാ സെക്രട്ടറി

കുഴി അടച്ചതുകൊണ്ടോ, ടാർ ചെയ്തതുകൊണ്ടോ പ്രശ്ന പരിഹാരമാകില്ല. പുതിയ പാലം നിർമ്മിക്കുകതന്നെ വേണം. ആൾ ഇന്ത്യ യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ സമരം നടന്നിരുന്നു. അനങ്ങാപ്പാറ നയം തുടർന്നാൽ സമരം സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാറ്റും.

ആർ.പി ഷെഫീക്ക്

അഖിലേന്ത്യാ പ്രസിഡന്റ്, ആൾ ഇന്ത്യ യൂത്ത് കൗൺസിൽ