കണ്ണൂർ: പൊലീസ് സേനയിലെ സിവിൽ പൊലീസ് ഓഫീസർമാരുടെ പൊതുസ്ഥലംമാറ്റം മുടങ്ങിയിട്ട് നാലുവർഷം. സ്ഥലം മാറ്റത്തിനായി അപേക്ഷിച്ചവർ പോലും ഇപ്പോൾ അക്കാര്യം മറന്നുപോയ മട്ടാണ്. കഴിഞ്ഞ നാലുവർഷത്തിലേറെയായി ഒരേ സ്റ്റേഷനിൽ തുടരുന്ന പൊലീസുകാർ തന്നെ സംസ്ഥാനത്ത് ഇരുപത് ശതമാനത്തോളം വരുമെന്നാണ് കണക്ക്.
സാധാരണ മൂന്നു വർഷം കൂടുമ്പോൾ സിവിൽ പൊലീസ് ഓഫീസർമാരുടെ സ്ഥലം മാറ്റം മുടങ്ങാതെ നടന്നുവരുന്നതാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഇടക്കിടെ സ്ഥലം മാറ്റുമ്പോഴും സിവിൽ പൊലീസ് ഓഫീസർമാരുടെ സ്ഥലംമാറ്റത്തിന് എന്തു തടസ്സമാണെന്നാണ് ഇവർ ചോദിക്കുന്നത്.
കഴിഞ്ഞ മാർച്ചിൽ പൊതുസ്ഥലം മാറ്റം പരിഗണിക്കാൻ ആഭ്യന്തര വകുപ്പ് നടപടി ക്രമങ്ങൾ തുടങ്ങിയപ്പോഴേക്കും കൊവിഡ് വ്യാപനം തടസ്സമാകുകയായിരുന്നു. തുടർന്ന് നവംബറിൽ വീണ്ടും സ്ഥലംമാറ്റം സംബന്ധിച്ച ഫയലുകൾക്ക് ജീവൻ വച്ചതോടെ തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നു. എന്നാൽ ഇതിനായി സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചെങ്കിലും പരിഗണിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പെങ്കിലും പൊതുസ്ഥലം മാറ്റം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് അപേക്ഷ നൽകി കാത്തിരിക്കുന്നവർ.
പൊലീസ് ജില്ലാവിഭജനം കണ്ണൂരിൽ കുരുക്കാകും
പൊലീസ് ജില്ല വിഭജിച്ചതോടെ കണ്ണൂരിൽ സ്ഥലംമാറ്റം കുരുക്കിൽപെട്ടിരിക്കയാണ്. ഭരണ നിർവഹണത്തിന്റെ ഭാഗമായി സിറ്റി, റൂറൽ എന്നിങ്ങനെയാണ് വിഭജിച്ചത്. വർദ്ധിച്ചുവരുന്ന ക്രമസമാധാന പ്രശ്‌നങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഇപ്പോഴത്തെ സംവിധാനം മതിയാകുന്നില്ലെന്ന കണ്ടെത്തലാണ് പുതിയ ഡിവിഷനുകൾ രൂപീകരിച്ചതിനു പിന്നിൽ. ഇതു സംബന്ധിച്ച് നേരത്തെ പറഞ്ഞിരുന്നെങ്കിലും തീരുമാനം വൈകുകയായിരുന്നു. വിഭജനത്തിന്റെ ഭാഗമായി പൊലീസിൽ അംഗബലവും വർദ്ധിപ്പിക്കുമെന്നു പറഞ്ഞിരുന്നുവെങ്കിലും അതുണ്ടായില്ല. സ്പെഷ്യൽ ബ്രാഞ്ചിലും മറ്റും കൂടുതൽ പേർക്ക് നിയമനം നൽകാനും സിവിൽ പൊലീസ് ഓഫീസർമാരായി സിറ്റിയിലും റൂറലിലും അമ്പതോളം പേരെ കൂടുതൽ നിയമനം നടത്താനുമുണ്ട്.
എന്നാൽ പുതിയ സംവിധാനം നിലവിൽ വന്നതോടെ സിറ്റിയിൽ നിന്നു സിറ്റിയിലേക്കും റൂറലിൽ നിന്നു റൂറലിലേക്കും മാത്രമേ പൊതുസ്ഥലം മാറ്റം അനുവദിക്കുകയുള്ളു. ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക ശുപാർശയോടെ മാത്രമെ മറ്റിടങ്ങളിലേക്ക് സ്ഥലംമാറ്റം അനുവദിക്കുകയുള്ളൂ.