കണ്ണൂർ: കോർപറേഷനിൽ പുതിയ ഭരണസമിതിയുടെ ആദ്യയോഗം ഇന്ന്. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് ചർച്ചചെയ്യാനാണ് യോഗം. വാർഡ് തല കമ്മിറ്റി രൂപീകരണവും ചർച്ചയാവും. നിരവധി പദ്ധതികളെ കുറിച്ചുള്ള വിഷയങ്ങളും യോഗത്തിന്റെ അജണ്ടയിൽ വരുന്നുണ്ട്.
കഴിഞ്ഞ കോർപ്പറേഷനിലെ അംഗങ്ങളായിരുന്ന അഡ്വ. ടി.ഒ. മോഹനൻ, പി.കെ. രാഗേഷ്, അഡ്വ. പി. ഇന്ദിര, ഷാഹിന മൊയ്തീൻ, ടി. രവീന്ദ്രൻ, എസ്. ഷഹീദ തുടങ്ങിയവർ പുതിയ ഭരണ സമിതിയിലും ഉണ്ട്. നേരത്തെ നഗരസഭയായപ്പോൾ കൗൺസിലർമാരായിരുന്ന അഡ്വ. പി.കെ അൻവർ, എം.പി.രാജേഷ്, മുസ്ലീഹ് മഠത്തിൽ, പി.വി .ജയസൂര്യൻ, കെ. സുരേഷ്, പി. പത്മജ, കെ. ശബീന എന്നിവരും കോർപ്പറേഷൻ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അതിനിടെ യു.ഡി.എഫിന് മികച്ച ഭൂരിപക്ഷം ലഭിച്ചെങ്കിലും സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ എങ്ങും എത്തിയില്ല. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷസ്ഥാനങ്ങളിൽ അഞ്ചെണ്ണം കോൺഗ്രസിനും മൂന്നെണ്ണം ലീഗിനുമാണ് ലഭിക്കേണ്ടത്. എന്നാൽ ഇത്തവണ ഒരദ്ധ്യക്ഷസ്ഥാനം കൂടി ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇതിൽ ലീഗിൽ അമർഷമുണ്ട്. ചർച്ചകൾക്ക് നേതൃത്വം നൽകേണ്ട കെ. സുധാകരൻ എം.പി സ്ഥലത്തില്ലാത്തതാണ് പ്രധാന തടസ്സം.