university

മാനന്തവാടി കാമ്പസിനെ പശ്ചിമഘട്ട ജൈവ വൈവിധ്യ പഠനകേന്ദ്രമാക്കും

കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ പഠന വകുപ്പുകളിൽ അനുവദിച്ച പുതുതലമുറ കോഴ്‌സുകളിൽ പ്രവേശന നടപടികൾ ഈവർഷമുണ്ടാകും. എം.എസ്‌സി നാനോ സയൻസ് ആൻഡ് ടെക്‌നോളജി, എം.എസ്‌സി കംപ്യൂട്ടേഷണൽ ബയോളജി, എം.എസ്‌സി പ്ലാന്റ് സയൻസ് എന്നീ പുതുതലമുറ കോഴ്‌സുകൾ ആരംഭിക്കുന്നതോടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർവകലാശാല പുതിയ ഉയരങ്ങളിലെത്തും.

ലോകത്തിലെ അതിസമ്പന്ന ജൈവ വൈവിധ്യ മേഖലകളിലൊന്നായ പശ്ചിമഘട്ട പ്രദേശങ്ങളിലെ സസ്യജാലങ്ങളെ ശാസ്ത്രീയ പഠനങ്ങൾക്ക് വിധേയമാക്കുകയും ലോക നിലവാരത്തിലുള്ള സസ്യ ശാസ്ത്ര ഗവേഷണ കേന്ദ്രമായി സ്ഥാപനത്തെ വളർത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ജൈവ വൈവിധ്യ മേഖലയായ വയനാട്ടിലെ മാനന്തവാടി കാമ്പസിൽ എം.എസ്‌സി പ്ലാന്റ് സയൻസ് ആരംഭിക്കാൻ സർവ്വകലാശാല തീരുമാനമെടുത്തത്. കാമ്പസിൽ നിലവിലുള്ള ജന്തുശാസ്ത്ര വിഭാഗത്തെ കൂടി ഉൾപ്പെടുത്തി ഭാവിയിൽ പശ്ചിമഘട്ട ജൈവവ വൈവിധ്യ പഠന കേന്ദ്രമായി പഠന വിഭാഗത്തെ ഉയർത്തുകയെന്നതാണ് മുഖ്യലക്ഷ്യമെന്ന് ജന്തുശാസ്ത്ര വകുപ്പ് മേധാവിയും കാമ്പസ് ഡയറക്ടറും സിൻഡിക്കേറ്റംഗവുമായ ഡോ. പി.കെ പ്രസാദൻ പറഞ്ഞു.

കണ്ണൂർ സർവകലാശാലയുടെ പാലയാട്ടുള്ള ഡോ. ജാനകി അമ്മാൾ കാമ്പസിലെ ബയോടെക്‌നോളജി ആൻഡ് മൈക്രോബയോളജി വിഭാഗത്തിൽ തുടങ്ങുന്ന എം.എസ്‌സി കംപ്യൂട്ടേഷണൽ ബയോളജി ജീവശാസ്ത്ര മേഖലയിലെ വിവിധ തരത്തിലുള്ള കംപ്യൂട്ടർ സാങ്കേതികത പരിചയപ്പെടുത്തുന്ന പാഠ്യപദ്ധതിയാണ്. കംപ്യൂട്ടേഷണൽ ബയോളജി ബിരുദാനന്താര ബിരുദധാരികൾക്ക് ജീവശാസ്ത്രമേഖലയിലെ ജിനോമിക്‌സ് അധിഷ്ഠിത ഗവേഷണ പദ്ധതികളിലും ഔഷധ നിർമ്മാണശാലകളിലും നിരവധി അവസരങ്ങളാണ് തുറന്നുനൽകുകയെന്ന് കോഴ്‌സ് കോർഡിനേറ്റർ ഡോ. എൻ.എ. അനീഷ് ചന്ദ്രൻ പറഞ്ഞു.

അനന്തസാദ്ധ്യതയുമായി നാനോ സയൻസ്

നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ച് കാര്യക്ഷമവും നവീനവുമായ ഉത്പന്നങ്ങൾ നിർമ്മിക്കുകയെന്നതാണ് നാനോ സയൻസിന്റെ ലക്ഷ്യം. ഈ സാങ്കേതിക മേഖലയിൽ വൈദഗ്ധ്യമുള്ളവരെ പ്രാപ്തരാക്കുകയെന്നതാണ് പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ കാമ്പസിൽ തുടങ്ങുന്ന എം.എസ്‌സി നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി കോഴ്‌സിന്റെ ഉദ്ദേശ്യം. എൻജിനീയറിംഗ്, വ്യവസായം, ആരോഗ്യമേഖലകളിൽ അനന്തമായ സാധ്യതകളാണ് വിദ്യാർത്ഥികൾക്കു മുന്നിൽ അവതരിപ്പിക്കുന്നതെന്ന് കോഴ്‌സ് ഡയറക്ടർ ഡോ. കെ.വി. ബൈജു അഭിപ്രായപ്പെട്ടു.