കണ്ണൂർ: കോർപ്പറേഷൻ പരിധിയിൽ വാഹന പാർക്കിംഗിനായി സൗകര്യമൊരുക്കുന്നതിനായി നടപടി തുടങ്ങി. കോർപ്പറേഷന്റെ കൈവശമുള്ള ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലവും സ്വകാര്യ വ്യക്തികളുടെ വെറുതെ കിടക്കുന്ന സ്ഥലം അവരുടെ അനുമതിയോടെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.
ആദ്യപടിയായി സൗത്ത് ബസാറിൽ ആശോക ആശുപത്രിക്ക് സമീപത്തായി ഒഴിഞ്ഞ് കിടക്കുന്ന അശോക മൈതാനിയിലാണ് വാഹന പാർക്കിംഗിന് വേണ്ടി സ്ഥലം ഒരുക്കുന്നത്. കൂടാതെ ആധുനിക സൗകര്യത്തോടെ സ്റ്റേഡിയം കോർണറിലും ബാങ്ക് റോഡിലും നിർമ്മിക്കുന്ന മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രത്തിന്റെ നിർമ്മാണവും തുടങ്ങും. ഇവ സാധ്യമാകുന്നതോടെ കോർപ്പറേഷനിലെ പാർക്കിംഗിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ഒരു പരിധിവരെ കഴിയുമെന്ന് മേയർ അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു.