കണ്ണൂർ: എം.എ റോഡിൽ ജെ.എസ്. പോൾ ജംഗ്ഷന് സമീപം ബുധനാഴ്ച രാത്രി പഴയ കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്നു വീണു. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് സൺഷെയ്ഡ് തകർന്നത്. താഴെയുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് നാശനഷ്ടമുണ്ടായി. രാത്രികാലങ്ങളിൽ ഇവിടെ അന്തിയുറങ്ങുന്ന അന്യസംസ്ഥാനതൊഴിലാളികൾ ശബ്ദം കേട്ട് ഒാടിമാറിയതിനാൽ അപകടം ഒഴിവായി.

ചില വാഹനങ്ങളും ഇതിനുള്ളിൽ പെട്ടിരുന്നു. വാരത്തെ സേതുനാഥിന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ ഷോപ്പിന്റെ ഷീറ്റ് മുഴുവനായും തകർന്നിട്ടുണ്ട്. ഇനിയും പൊളിഞ്ഞ് വീഴാറായ കെട്ടിടങ്ങൾ കിടപ്പുണ്ട്. ഈ കെട്ടിടങ്ങളിൽ തന്നെ നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. നിരവധി പേരാണ് ഇവിടെ വ്യാപാര ആവശ്യങ്ങൾക്കായി ദിവസവും എത്തുന്നത്. കെട്ടിടത്തിന്റെ പൊളിഞ്ഞ് വീഴാറായ ഭാഗങ്ങൾ ഇവർക്ക ഭീഷണിയാവുകയാണ്. സംഭവം നടന്നയുടനെ ഡിവിഷൻ കൗൺസിലർ അഡ്വ. ചിത്തിര ശശിധരൻ, എ.സി.പ്രമോദ് എന്നിവരും വ്യാപാരി വ്യവസായി സംഘടന നേതാക്കളും സ്ഥലത്തെത്തിയിരുന്നു.