kinar
ഇടിഞ്ഞ കിണർ

തലശ്ശേരി: കനത്ത മഴയിൽ പാലിശ്ശേരി അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിനപ്പുറം സി.ഐ ഉൾപെടെ ഓഫീസർമാരുടെ ക്വാർട്ടേഴ്സുകളിലേക്ക് വെള്ളമെത്തിക്കുന്ന കിണർ ഇടിഞ്ഞമർന്നു. കിണറിന്റെ ആൾമറയടക്കം തകർന്നു. ഏതാണ്ട് മുക്കാൽ ഭാഗം കിണർ അമർന്നു പോയി. ജനമൈത്രീ പൊലീസ് വായനാമുറി, തൊട്ടടുത്ത ചെറിയ മതിൽക്കെട്ട് എന്നിവയുടെ സമീപത്താണ് മണ്ണിടിഞ്ഞത്.

ഈ ഭാഗത്ത് ഭൂമിയിൽ മണ്ണിളകിയ വിള്ളലുകളുമുണ്ട്. മഴ കനത്താൽ ഇവിടം അപകടമേഖലയാവുമെന്ന ആശങ്കയുണ്ട്. കിണർ ഇടിഞ്ഞതിനെ തുടർന്ന് പൊലീസ് ഓഫീസർമാരുടെ ക്വാർട്ടേഴ്സിലേക്കുള്ള ശുദ്ധജല വിതരണം തടസ്സപ്പെട്ടു. രണ്ട് മാസം മുമ്പും കിണറിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു. അന്ന് സ്ഥലം പരിശോധിച്ച പി.ഡബ്‌ള്യു.ഡി ഉദ്യോഗസ്ഥർ കിണർ നവീകരിക്കാൻ കഴിയില്ലെന്നും മൂടുന്നതാണ് നല്ലതെന്നും അഭിപ്രായപ്പെട്ടിരുന്നു.