തളിപ്പറമ്പ: ഒരു പ്രതിനായകന്റെ മാനസാന്തരം പ്രമേയമാക്കി നിർമ്മച്ച 'കരിമ്പ ഗേറ്റ് ദി ഡൈവേർഷൻ' എന്ന ചിത്രം മുപ്പത്തി മൂന്നോളം. പുരസ്‌കാരങ്ങൾ നേടി പ്രശസ്തിയിലേയ്ക്ക്. തളിപ്പറമ്പ് പൂക്കോത്തുതെരുവിലെ പുതുസിനിമ കൂട്ടായ്മയായ ഈഹ ഫിലിംസിന്റെ ആദ്യ ഹ്രസ്വചിത്രമാണിത്.
നിതിൻ പൂക്കോത്തിന്റെ രചനയിൽ രോഹിത് സുകുമാരനാണ് സംവിധാനം, കാശ്മീര പട്ടാണി, ഇഷാൻ പട്ടാണി. എന്നിവരാണ് നിർമാണം. നിരവധി ചെറുകഥകളും ലേഖനങ്ങളും എഴുതി പ്രസിദ്ധീകരിച്ച നിതിൻ പൂക്കോത്തിന്റെയും കലാ സംവിധാന സഹായിയായ രോഹിത് സുകുമാരന്റെയും ആദ്യ പ്രോജക്ടാണിത്. സൗത്ത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേള, ടാഗോർ അന്താരാഷ്ട്ര ചലച്ചിത്ര മേള, സ്പ്രൗട്ടിംഗ്സീഡ് അന്താരാഷ്ട്ര ചലച്ചിത്ര മേള, ട്രാവൻകൂർ അന്താരാഷ്ട്ര ചലച്ചിത്ര മേള, ബെട്ട അന്താരാഷ്ട്ര ചലച്ചിത്ര മേള, ജാസ് അന്താരാഷ്ട്ര ചലച്ചിത്ര മേള, ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേള തുടങ്ങി 12 ചലച്ചിത്ര മേളകളിൽ നിന്നും മറ്റുമായാണ് 33 പുരസ്‌കാരങ്ങൾ ചിത്രം നേടിയെടുത്തത്.
എല്ലാ തെറ്റുകളും തുടങ്ങുന്നത് ഒരു ശരിയിൽ നിന്നാണ്. തെറ്റുചെയ്യുന്നവനു മാത്രം ബോധ്യമുള്ള ഒരു ശരി എന്ന വിവരണത്തിൽ ആരംഭിക്കുന്ന ചിത്രം മനുഷ്യന്റെ രൂപാന്തരത്തിനു പുറമെ ഇന്നിന്റെ നേർകാഴ്ചകളും സംസാരിക്കുന്നു. രാധാകൃഷ്ണൻ തലച്ചങ്ങാട്, മുരളി ചവനപ്പുഴ, ബാലൻ കീഴാറ്റൂർ, സുജിത് കൂവോട്, വിനോദ് മൊത്തങ്ങ, ദിലീപ് തലവിൽ, ശ്രീജ രയരോത്ത്, സുരേഷ് ബാബു, പ്രദീപൻ പൂമംഗലം, പി.കെ. ദിവ്യ തുടങ്ങിയവരാണ് അഭിനേതാക്കൾ.
കരിമ്പ ഗേറ്റിനു ശേഷം ഈഹ ഫിലിംസ് നിർമ്മിക്കുന്ന ഭാസ്ക്കരൻ -ഏൻ അൺഡിഫൈനബിൾമാൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് സിനിമ സംവിധായകൻ ഷരീഫ് ഈസയും കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. സീനയും ചേർന്ന് ചവനപ്പുഴ കൃഷ്ണപ്പിള്ള സ്മാരക വായനശാലയിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു.