തൃക്കരിപ്പൂർ: വലിയപറമ്പ് പഞ്ചായത്തിലെ തീരദേശ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിനായി ആരംഭിച്ച ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവ്വീസ് കാര്യക്ഷമമല്ലെന്ന ആക്ഷേപവുമായി നാട്ടുകാർ. ഇ.കെ നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് 24 കിലോമീറ്റർ നീണ്ടു കിടക്കുന്ന പഞ്ചായത്തിലെ ജനങ്ങളുടെ യാത്രാ സൗകര്യത്തിനായി അഞ്ചു ബോട്ടുകൾ ജലഗതാഗത വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചത്.

ആയിറ്റി കേന്ദ്രീകരിച്ചുള്ള ഓഫീസാണ് കൊറ്റി- കോട്ടപ്പുറം റൂട്ടിൽ സർവ്വീസ് നടത്തുന്ന യാത്ര ബോട്ടുകളെ നിയന്ത്രിച്ചിരുന്നത്. എന്നാൽ ക്രമേണ ബോട്ടുകളുടെ എണ്ണം രണ്ടായി ചുരുങ്ങുകയും നിലവിൽ ഒരു ബോട്ട് മാത്രമാവുകയും ചെയ്തു. കേടാവുന്ന ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്താൻ വേണ്ടുന്ന സംവിധാനങ്ങൾ ഇവിടെയില്ലാത്തതാണ് ബോട്ടുകളുടെ എണ്ണം പൊടുന്നനെ കീഴോട്ട് പോകാൻ കാരണം.

എ 61, എ 62 എന്നിങ്ങനെ രണ്ടു ബോട്ടുകളാണ് ആയിറ്റിയിൽ അവശേഷിച്ചിരുന്നത്. അതിൽ എ 61 മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. മാസങ്ങളായി കരയിൽ കയറ്റിയിട്ടിട്ടുള്ള എ 62 നമ്പർ ബോട്ട് അറ്റകുറ്റപ്പണി പണി ഇതുവരെ നടന്നിട്ടില്ല. ഇവിടെയുള്ള ജീവനക്കാർക്ക് അനുസരിച്ചുള്ള ബോട്ടുകൾ സർവീസ് നടത്താൻ വേണ്ടുന്ന നടപടികൾ പോലും അധികൃതർ സ്വീകരിക്കാത്തതാണ് പരാതിക്കിടയാക്കുന്നത്. കേടാവുന്ന ബോട്ടുകൾ കരക്ക് കയറ്റി റിപ്പേയർ ചെയ്യാനുള്ള അഞ്ചു വർഷം മുമ്പ് ആരംഭിച്ച സ്ലീപ്‌ വേ സംവിധാനം പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും തീരദേശ വാസികൾ ആവശ്യപ്പെടുന്നു.

ബോട്ടുകൾ കുറഞ്ഞു,

ജീവനക്കാർ കൂടി

സൂപ്പ്രണ്ട് ഒന്ന്, സ്റ്റേഷൻ മാസ്റ്റർ ഒന്ന്‍, ഡ്രൈവർ മൂന്ന്, സ്രാങ്ക് മൂന്ന്, ലാസ്കർ അഞ്ച്, ബോട്ട് മാസ്റ്റർ മൂന്ന് എന്നിങ്ങനെ 16 ജീവനക്കാർ ഇവിടെ നിലവിലുണ്ട്. ആകെയുള്ള ഒരു ബോട്ടിലാണ് ഇത്രയും പേരുടെ ഇപ്പോഴത്തെ ജോലി. ബോട്ടിന്റെ എണ്ണം ഒന്നായി ചുരുങ്ങിയതോടെ വരുമാനം മാസത്തിൽ അറുപതിനായിരമായി ചുരുങ്ങി. ജീവനക്കാരുടെ ശമ്പളത്തിന് എന്നാൽ മൂന്ന് ലക്ഷത്തോളം രൂപ മാസത്തിൽ കണ്ടെത്തേണ്ടിവരികയാണെന്നാണ് വിവരം.