koottupuzha
മൂന്ന് വർഷത്തോളമായി പ്രവൃത്തി നിർത്തിവെച്ച കൂട്ടുപുഴ പാലം പണി പുനരാരംഭിച്ചപ്പോൾ

ഇരിട്ടി : കർണ്ണാടക വനം വന്യജീവി വകുപ്പിന്റെ തടസവാദങ്ങൾ മൂലം പാതിവഴിയിൽ നിർത്തിവെച്ച കൂട്ടുപുഴ പാലത്തിന്റെ നിർമ്മാണം ഇന്നലെ പുനരാരംഭിച്ചു. മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് കേരളാ- കർണ്ണാടക അതിർത്തിയിലെ ഈ പാലത്തിന്റെ പണി പുനരാരംഭിച്ചത് .
തലശ്ശേരി വളവുപാറ കെ.എസ്.ടി.പി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പൂർത്തിയാക്കേണ്ട പാലത്തിന്റെ നിർമ്മാണം 2017 ലാണ് ആരംഭിച്ചത്. എന്നാൽ കേരളത്തിന്റെ ഭാഗത്തുള്ള തൂണുകളും കോൺക്രീറ്റും കഴിഞ്ഞ് പാതിവഴിയിലെത്തിയ പാലം കർണ്ണാടക വനം വന്യജീവി വകുപ്പിന്റെ തടസ്സവാദം മൂലം 2017 ഡിസംബർ 27 ന് നിർത്തിവയ്ക്കുകയായിരുന്നു. ബ്രഹ്മഗിരി വന്യമൃഗ സങ്കേതത്തിന്റെ ഭാഗമായ തങ്ങളുടെ അധീനതയിൽപെട്ട സ്ഥലത്താണ് പാലം നിർമ്മിക്കുന്നതെന്ന് ആരോപിച്ചായിരുന്നു പ്രവൃത്തി തടഞ്ഞത്. തങ്ങളുടെ അധീനതയിൽപ്പെട്ട സ്ഥലമാണെന്ന കേരളാ റവന്യൂ വകുപ്പിന്റെ വാദം കർണാടക തള്ളുകയും ചെയ്തു. മാക്കൂട്ടം വനമേഖലയോടു ചേർന്ന് പാലം അവസാനിക്കുന്ന ഭാഗം തങ്ങളുടേതാണെന്നും നിർമ്മാണത്തിന് മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്നും കാണിച്ച് കർണാടക വനംവകുപ്പ് പാലം പണി നിർത്തിവെപ്പിക്കുകയായിരുന്നു.
കർണ്ണാടകയുമായി ദീർഘനാളത്തെ ചർച്ചകൾക്കൊടുവിൽ ആറു മാസം മുൻപ് ദേശീയ വനം- വന്യജീവി ബോർഡിന്റെ അനുമതി കിട്ടിയിട്ടും നിർമ്മാണത്തിനായി കർണ്ണാടക വനം വകുപ്പ് അനുമതി നൽകിയിരുന്നില്ല. തുടർന്ന് കേരളത്തിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് അനുമതി ലഭിച്ചത്. പാതിവരെ പൂർത്തിയാക്കിയതിനാൽ നാലുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കി തുറന്നുകൊടുക്കാൻ കഴിയുമെന്ന് കരാറുകാർ പറഞ്ഞു.

90 കടന്ന് പഴയ പാലം

1928 ൽ ബ്രിട്ടീഷുകാർ കൂട്ടുപുഴയിൽ നിർമ്മിച്ച പാലം അപകടാവസ്ഥയിലാണ്. ഒരു വാഹനത്തിനു മാത്രം കടന്നുപോകാൻ കഴിയുന്ന പാലത്തിലൂടെ ചരക്കു വാഹനങ്ങളും ടൂറിസ്റ്റ് ബസ്സുകളുമടക്കം ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ പാലത്തിന് ഏതാനും വാര അകലത്തിലാണ് പുതിയ പാലം യാഥാർത്ഥ്യമാകേണ്ടത്.