fish
പെരുമണ്ണ് പുഴയിൽ മീനൂട്ട് വഴിപാട് നടത്തുന്നവർ

ഇരിക്കൂർ: നിങ്ങൾ ശരീര വേദന അഥവാ മീൻ പാച്ചിൽ ഉള്ള ആൾ ആണോ എന്നാൽ പരിഹാരമായി മീനൂട്ട് വഴിപാട് നടത്തൂ. കേൾക്കുമ്പോൾ തന്നെ ആശ്ചര്യം തോന്നുന്ന ഈ വഴിപാട് നടത്തുന്ന ദേവസ്ഥാനം ഇരിക്കൂർ - ഇരിട്ടി റൂട്ടിൽ പെരുമണ്ണ് എന്ന സ്ഥലത്താണ്. പെരുമണ്ണ് ചുഴലി ഭഗവതി ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് മീനൂട്ട്.

പുഴയിൽ നീന്തിത്തുടിക്കുന്ന മത്സ്യങ്ങൾക്ക് ദേവിയുടെ നിവേദ്യമായ അരി, മലർ, അവിൽ എന്നിവ ഭക്തർ നൽകിയാണ് മീനൂട്ട് വഴിപാട് നടത്തുന്നത്. വിവാഹ തടസ്സങ്ങൾ നീങ്ങാൻ സ്വയംവര പൂജയും മീനൂട്ടുമാണ് ഇവിടുത്തെ പ്രധാന വഴിപാട്. വർഷങ്ങൾക്ക് മുൻപ് തന്നെ ഇവിടെ ഇതു നടത്തി വരുന്നു. ക്ഷേത്രത്തോടു ചേർന്നുള്ള പുഴയുടെ ഭാഗത്ത് ആയിരക്കണക്കിന് കരിമീനുകളാണ് മീനൂട്ട് നിവേദ്യമായ മലർ, അരി, അവിൽ എന്നിവ ഭക്ഷിച്ച് തുള്ളിക്കളിക്കുന്നത്. പതിനഞ്ച് കിലോയിലധികം തൂക്കം വരുന്ന വലിയ മീനുകൾ തൊട്ട് ചെറു മീനുകൾ വരെ ഇവിടെയുണ്ട്. ആരും ഉപദ്രവിക്കാനോ പിടിക്കാനോ ശ്രമിക്കാറില്ല എന്നു മാത്രമല്ല ഇവയെ ദൈവ തുല്യമായി കാണുന്നു.

ഉദയം തൊട്ട് അസ്തമയം വരെ ഈ പുഴയോരത്ത് അന്നവും കാത്ത് ഇവയുണ്ടാകും. ജാതി മത ഭേദമന്യേ നിരവധി ആൾക്കാരാണ് ഈ കൊവിഡ് കാലത്തുകൂടി മീനൂട്ട് നടത്താനും മീനിനെ കാണാനുമായി ഇവിടെ എത്തുന്നത്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മാമാനിക്കുന്ന് ക്ഷേത്രത്തിന്റെ ഉപക്ഷേത്രമാണ് ചുഴലിഭഗവതിക്ഷേത്രം. കഴിഞ്ഞ രണ്ട് പ്രളയകാലത്തും പുഴ കരകവിഞ്ഞൊഴുകി ക്ഷേത്രം പകുതിയോളം മുങ്ങിയിട്ടും പ്രളയത്തിന് ശേഷവും ഈ മത്സ്യങ്ങൾ വഴിതെറ്റാതെ ഇവിടെ തന്നെയുണ്ട്. മഴക്കാലത്ത് പുഴ കലങ്ങി മറിഞ്ഞാലും ഒന്നുവെള്ളം തെളിഞ്ഞാൽ ഇവർ സ്ഥാനം തെറ്റാതെ യഥാസ്ഥലത്ത് കാണും