തലശ്ശേരി: അദ്ധ്യാപക വൃത്തിയിലിരിക്കെ കുടുംബസമേതം വയനാട്ടിലേക്ക് താമസം മാറിപ്പോയ കെ.കെ. രാമചന്ദൻ മാസ്റ്റർക്ക് ചൊക്ലിയുമായുള്ളത് പൊക്കിൾക്കൊടി ബന്ധം. കുടുംബ ബന്ധങ്ങളും സൗഹൃദവും നിറഞ്ഞ ജന്മനാട് അവസാനകാലം വരെ ഗൃഹാതുരമായ അനുഭവമായിരുന്നു അദ്ദേഹത്തിന്.
അധികാരത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും ചൊക്ലിക്കാരോട് അദ്ദേഹം സ്‌നേഹവാത്സല്യത്തോടെയാണ് പെരുമാറിയിരുന്നത്. ആദ്യകാലങ്ങളിൽ മിക്ക പരിപാടികളിലും സജീവസാന്നിദ്ധ്യമായിരുന്നു ലീഡർ കെ. കരുണാകരന്റെ വിശ്വസ്തനായിരുന്ന ഇദ്ദേഹം. 1936ൽ ചൊക്ലിയിലെ നിടുമ്പ്രത്ത് കണ്ണൻകോട്ട് കൊട്ടാരം തറവാട്ടിൽ അദ്ധ്യാപകന്മാർ നിറഞ്ഞ കടുംബത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം പന്ന്യന്നൂരിലെ കുറ്റിപ്പുറം എൽ.പി. സ്‌കൂളിലും ചൊക്ലി യു. പി. സ്‌കൂളിലുമായിരുന്നു. ന്യൂ മാഹി എം.എം. ഹൈസ്‌കൂളിൽ നിന്ന് ഹൈസ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ്, കണ്ണൂരിലെ ടീച്ചേഴ്സ് ട്രെയിനിംഗ് സ്‌കൂളിൽ അദ്ധ്യാപക പരിശീലനം പൂർത്തിയാക്കി.
തുടർന്ന് ചൊക്ലി വി.പി. ഓറിയെന്റൽ ഹൈസ്‌കൂളിൽ അദ്ധ്യാപകനായി ചേർന്നു. ഇക്കാലത്തെല്ലാം കോൺഗ്രസ് രാഷ്ട്രീയത്തിലും അദ്ദേഹം സജീവമായിരുന്നു. 1961ൽ ഏഴു വർഷത്തെ അദ്ധ്യാപകസേവന കാലഘട്ടത്തിൽ നിടുമ്പ്രം പുത്തൻപുരയിലെ സ്ഥലം വിറ്റ് കുടുംബ സമേതം വയനാട് ജില്ലയിലെ കാര്യമ്പാടിയിലേക്ക് താമസം മാറ്റുകയായിരുന്നു. അവിടെ അരിമുള എ.യു.പി സ്‌കൂൾ അദ്ധ്യാപകനായി സേവനമാരംഭിച്ചു. പിന്നീട് ജോലി രാജിവച്ച് സജീവ രാഷ്ട്രീയത്തിലിറങ്ങി. സുൽത്താൻ ബത്തേരി, കൽപ്പറ്റ എന്നീ നിയോജക മണ്ഡലങ്ങളിൽ നിന്നും വിജയിച്ച് എം.എൽ.എയും, യു.ഡി.എഫ് മന്ത്രിസഭകളിൽ ഭക്ഷ്യവകുപ്പ്, ആരോഗ്യവകുപ്പ് മന്ത്രിയുമായിരുന്നു അദ്ദേഹം.