corpa
കണ്ണൂർ കോർപ്പറേഷന്റെ പ്രഥമ യോഗത്തിൽ മേയർ ടി.ഒ.മോഹനൻ സംസാരിക്കുന്നു

കണ്ണൂർ: കോർപ്പറേഷന്റെ പ്രവർത്തനം നല്ലനിലയിൽ മുന്നോട്ടു പോകണമെങ്കിൽ സർക്കാർ ഫണ്ട് അനുവദിക്കണമെന്ന മേയർ ടി.ഒ .മോഹനന്റെ ആമുഖം ഏറ്റുപിടിച്ച പ്രതിപക്ഷം ആദ്യ കൗൺസിൽ യോഗത്തിൽ തന്നെ ഭരണപക്ഷവുമായി കൊമ്പുകോർത്തു. യോഗ നടപടികൾ ആരംഭിച്ചപ്പോഴാണ് പ്രതിപക്ഷത്തെ ടി. രവീന്ദ്രൻ വിഷയമുന്നയിച്ച് ബഹളത്തിനു തുടക്കമിട്ടത്.

എന്നാൽ മേയർ ഇക്കാര്യത്തിൽ രാഷ്ട്രീയം ഒന്നും പറഞ്ഞില്ലെന്നും വസ്തുതപരമായ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതെന്നും പി.കെ. രാഗേഷ് പറഞ്ഞു. കരാറുകാർ ജോലി ഏറ്റെടുക്കാൻ തയ്യാറാകാത്തതും എടുത്ത ജോലിയുടെ പണം നൽകാത്തതിനെ കുറിച്ചും പ്രതിപക്ഷത്തിലെ അഡ്വ. പി.കെ.അൻവർ ചൂണ്ടിക്കാട്ടി. സർക്കാർഫണ്ട് വിഹിതം വെട്ടിക്കുറച്ചതിന്റെ ഫലമാണിതെന്നും പ്രതിപക്ഷത്തിന് പോലും സർക്കാരിന്റെ നിലപാട് ബോദ്ധ്യപ്പെട്ടുവെന്നുമായിരുന്നു ഇതിനെതിരെ ഭരണപക്ഷത്തിന്റെ മറുപടി. പെൻഷനു വേണ്ടി അപേക്ഷ നൽകിയവർക്ക് പെൻഷൻ ലഭിക്കാത്തതും യോഗത്തിൽ ചർച്ചയായി. പലർക്കും ചില നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി പെൻഷൻ നിഷേധിക്കുന്നതും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

ബാങ്കുകളുടെ ലയനം കാരണം ഐ.എഫ്.എസ്.ഇ കോഡ് മാറിയതിനെ തുടർന്ന് പെൻഷൻ ലഭിക്കാത്ത കാര്യം കൗൺസിലർ എം.പി. രാജേഷും സൂചിപ്പിച്ചു. അവിവാഹിതർക്ക് പെൻഷൻ ലഭിക്കാൻ പുനർവിവാഹം കഴിച്ചില്ലെന്ന് കാണിച്ചുള്ള വില്ലേജ് ഓഫീസിൽ നിന്നുമുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ആവശ്യത്തിന് സർക്കാർ നിശ്ചിയിച്ച സമയ പരിധി ഈ മാസം 30 വരെ നീട്ടുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് ലീഗ് കൗൺസിലർ മുസ്ലീഹ് മഠത്തിൽ ആവശ്യപ്പെട്ടു. യോഗത്തിൽ മാർട്ടിൻ ജോർജ്ജ്, സുരേഷ് ബാബു എളയാവൂർ, എൻ.സുകന്യ, പി.കെ.രാഗേഷ്, പി. ഇന്ദിര എന്നിവർ സംബന്ധിച്ചു.

കേന്ദ്രധനകാര്യ കമ്മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് അനുവദിച്ച തുക പോലും സംസ്ഥാന സർക്കാർ പിടിച്ചുവയ്ക്കുകയായിരുന്നു. ജില്ലാ വികസന സമിതി അംഗീകരിച്ച പല പദ്ധതികളും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് വെട്ടിച്ചുരുക്കേണ്ടി വന്നു. ഈ ഇനത്തിൽ കോർപ്പറേഷന് ലഭിക്കേണ്ട 11 കോടിയിൽ പരം രൂപയാണ് നഷ്ടമായത്. എല്ലാ അംഗങ്ങളും സമന്മാരാണ്. ഓരോ വാർഡുകളിലെയും പ്രവർത്തനം ഏകോപിപ്പിച്ച് നല്ല നിലയിൽ മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം

ടി.ഒ . മോഹനൻ , കോർപ്പറേഷൻ മേയർ

ഇടതുപക്ഷ സർക്കാർ ഇരട്ടിയലധികമായി പെൻഷൻ തുക വർദ്ധിപ്പിക്കുകയും ശരിയായ രൂപത്തിൽ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ചില പ്രദേശങ്ങളിൽ അനർഹർ പെൻഷൻ തുക കൈപറ്റുന്നുണ്ടാകാം. അർഹരായവർക്ക് വേണം ഈ ആനുകൂല്യം ലഭിക്കാൻ. അങ്ങനെയുള്ളവരെ കണ്ടെത്തുകയാണ് വേണ്ടത്.

എൻ. സുകന്യ, സി.പി.എം