കണ്ണൂർ: കണ്ണൂർ കോർപ്പറേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഇന്റലിജന്റ് പ്രോപ്പർട്ടി മാനേജ്മെന്റ് സിസ്റ്റം (എെ.പി.എം.എസ്) പദ്ധതിയുടെ ഭാഗമായുള്ള ഫീൽഡ് സർവ്വെ ആരംഭിച്ചു. ജനക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആധുനിക വിവര സാങ്കേതിക വിദ്യയുടെ സഹായത്താൽ നടപ്പാക്കുന്ന പദ്ധതി പ്രകാരം കോർപ്പറേഷൻ പരിധിയിലെ മുഴുവൻ കെട്ടിടങ്ങളുടെയും ഫോട്ടോ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി മാപ്പ് ചെയ്യപ്പെടും.
റോഡ്, ലാൻഡ് മാർക്ക്, തണ്ണീർത്തടങ്ങൾ തുടങ്ങിയവ ഒരു വെബ്പോർട്ടലിൽ ആവശ്യാനുസരണം സെർച്ച് ചെയ്ത് പരിശോധിക്കാൻ കഴിയും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഒാപ്പറേറ്റീവ് സൊസൈറ്റിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. കോർപ്പറേഷൻ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികൾ അർഹർക്ക് തന്നെ ലഭിക്കാൻ സഹായകമാകുന്ന പദ്ധതി കൂടിയാണ് ഇത്. ഒാരോ വീട്ടിലെയും പ്രായമായവരുൾപ്പെടെയുള്ളവരുടെ വിവരങ്ങളും അസുഖങ്ങളുമെല്ലാം ശേഖരിക്കും. ഇതുസംബന്ധിച്ചുള്ള ചോദ്യാവലി കോർപ്പറേഷൻ കൗൺസിലർമാർക്ക് നൽകി കഴിഞ്ഞു.
ഒറ്റ ക്ളിക്കിൽ വിവരങ്ങൾ
ഡ്രോൺ സർവ്വെ, പ്രോപർട്ടി സർവ്വെ, റോഡ് സർവ്വെ എന്നിവയിലൂടെ ലൊക്കേഷൻ, ഒാണർ, ബിൽഡിംഗ്, സാമൂഹ്യ -സാമ്പത്തിക വിവരങ്ങൾ എന്നിവയാണ് ശേഖരിക്കുന്നത്. കോർപ്പറേഷൻ പരിധിക്കുള്ളിലെ വീടുകൾ, പ്രധാനപ്പെട്ട സ്ഥാപനങ്ങൾ, മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ ഓഫീസുകൾ, നടപ്പാതകൾ തുടങ്ങി മുഴുവൻ വിവരങ്ങളും ഓൺലൈൻ വഴി സൂക്ഷിക്കും. കെട്ടിടങ്ങൾ എത്ര ചതുരശ്ര മീറ്ററിലാണ് സ്ഥിതി ചെയ്യുന്നത്, എത്ര വാഹനങ്ങൾ ഉണ്ട്, വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലം തുടങ്ങി സൗകര്യങ്ങൾ ഉണ്ടോ എന്നുള്ള വിവരങ്ങളും സൂക്ഷിക്കും. ഇതിലൂടെ കെട്ടിടങ്ങളുടെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പു വരുത്താൻ സാധിക്കും. ജോഗ്രഫിക്കലി ഇൻഫർമേഷൻ സിസ്റ്റം (ജി.എെ.എസ്) ഉപയോഗിച്ചുള്ള മാപ്പിംഗ് ആയതിനാൽ വളരെ താഴ്ന്ന പ്രദേശത്തെ ഏറ്റവും ചെറിയ വസ്തുവിനെ പോലും വളരെ വ്യക്തതയോടെ കാണാൻ സാധിക്കും.നിലവിൽ ഇത്തരം വിവരങ്ങൾ പേപ്പറിൽ മാത്രമാണെങ്കിൽ പദ്ധതി നടപ്പിലാകുന്നതോടെ ഉദ്യോഗസ്ഥർക്ക് ഇവയെല്ലാം നേരിട്ടുകാണാൻ സാധിക്കും.
ഐ.പി.എം.എസ് പദ്ധതിക്കായുള്ള ഫീൽഡ് സർവ്വെ 20 ശതമാനം പൂർത്തിയായി . ജീവനക്കാർക്ക് ഫീൽഡ് വർക്കില്ലാതെ തന്നെ ഏറ്റവും കൃത്യതയോടെ പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പലാക്കാനും ഇതുവഴി സാധിക്കും. ഡ്രോൺ, ഡി.ജി.പി.എസ്, പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ , ലേസർ ടാപ്പ് എന്നിവ ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുന്നത്
- മേയർ ടി.ഒ.മോഹനൻ