university

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്‌മെന്റ് സെല്ലിന്റെ പ്രാരംഭഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സുമായി ധാരണാ പത്രം ഒപ്പുവെച്ചു. സർവകലാശാല ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലുമായി സഹകരിച്ചാണ് പ്ലേസ്‌മെന്റ് സെൽ പ്രവർത്തിക്കുന്നത്.

അക്കാഡമിക പരിജ്ഞാനത്തോടൊപ്പം മാനേജ്‌മെന്റ് സ്റ്റഡീസ്, മാദ്ധ്യമ പ്രവർത്തനം, വിനോദസഞ്ചാരം, വുഡ് സയൻസ്, ബയോ ടെക്‌നോളജി, ലൈഫ് സയൻസ്, ഭാഷാ പഠനം, വിവര സാങ്കേതികം തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിജ്ഞാനമുള്ളവരാക്കി വിദ്യാർത്ഥികളെ മാറ്റുന്നതിൽ എൻ.എം.സിയുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.

പഠനമേഖലയേയും വ്യവസായ മേഖലയേയും ഒരുമിപ്പിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ്റൂം പഠനത്തോടൊപ്പം പ്രയോഗിക പരിജ്ഞാനം കൂടി നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്ലേസ്‌മെന്റ് സെൽ കോർഡിനേറ്റർ കെ.പി.അനീഷ് കുമാർ വ്യക്തമാക്കി. കുട്ടികളുടെ സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്ക് മൂലധന ശേഖരണത്തിനുള്ള വഴികൾ തുറന്നുനൽകാനും പദ്ധതി ഉപകരിക്കും.

തൊഴിൽ മേഖലയെ സംബന്ധിച്ച മാർഗനിർദേശങ്ങളും വ്യവസായ മേഖലയിലെ പരിശീലന പരിപാടികളും നൽകുന്നതോടൊപ്പം എൻ.എം.സി.സിക്ക് കീഴിലെ സംരംഭങ്ങളുടെ മാർക്കറ്റ് റിസർച്ച്, ബ്രാൻഡിംഗ്, ട്രേഡ് ഫെയർ, ബിസിനസ് മീറ്റ് എന്നിവയിൽ വിദ്യാർത്ഥികളെ കൂടി പങ്കാളികളാക്കുവാൻ തയ്യാറാണെന്ന് പ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ വരും ദിവസങ്ങളിൽ വിദ്യാർത്ഥികൾക്ക് വേണ്ടി എൻ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സീരീസ് സംഘടിപ്പിക്കാൻ തീരുമാനിച്ചതായി സെൽ ഡയറക്ടർ പ്രൊഫ. ഡോ. എ. സാബു പറഞ്ഞു. രജിസ്ട്രാർ ഇൻചാർജ് ഇ.വി.പി. മൊഹമ്മദ്, എൻ.എം.സി.സി സെക്രട്ടറി വി. ഹനീഷ്, ഡയറക്ടർ ബോർഡംഗം കെ. സുഭാഷ് ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.