agri
ഷിജിത്ത് തന്റെ ഉദ്യാനത്തിൽ

പാനൂർ: വ്യായാമത്തിനായി തുടങ്ങിയ കാർഷികവൃത്തിയിലൂടെ ജൈവിക നഴ്സറിയുടെ ഉടമയായി മാറിയിരിക്കുകയാണ് പന്ന്യന്നൂരിലെ ഷിജിത്ത്. 2015ൽ കേവലം നേരമ്പോക്കിനായാണ് 2000 സ്ക്വയർ ഫീറ്റുള്ള ടെറസ്സിനു മുകളിൽ പച്ചക്കറികൾ നട്ടുവളർത്താൻ തുടങ്ങിയത്. ഇപ്പോൾ വീട്ടുപറമ്പു മുഴുവൻ നഴ്സറിയായിരിക്കുകയാണ്. കൂടെ ജൈവവള വിൽപനയുമുണ്ട് ഷിജിത്തിന്. കൂടുതലും കോളിഫ്ലവറും കാബേജുമാണ് കൃഷി ചെയ്യുന്നതെങ്കിലും കൂടെ മറ്റു പച്ചക്കറികളുമുണ്ട്. വിശാലമായ ഉദ്യാനവും.

കുടുംബശ്രീ മിഷന്റെ ഉദ്യോഗസ്ഥർ ടെറസ്സിൽ ചെയ്ത പച്ചക്കറി കൃഷി കണ്ട് റിവോൾവിംഗ് ഫണ്ടായി 50,000 രൂപ അനുവദിച്ച്‌ നഴ്സറി തുടങ്ങാൻ പ്രേരണ നൽകുകയായിരുന്നു. തുടർന്ന് കുറ്റി കുരുമുളക്, കുള്ളൻ തെങ്ങ്, മാവ്, പ്ലാവ്, വിവിധ ഇനം പൂച്ചെടികൾ, അലങ്കാരച്ചെടികൾ, ഇവയ്ക്ക് ആവശ്യമായ ജൈവ വളങ്ങൾ, ജൈവ കീടനാശിനികളും നിർമ്മിച്ചു തുടങ്ങി. കൃഷിഭവന്റെ സഹായത്തോടെ മഴക്കാലത്തും പച്ചക്കറി ചെയ്യാനാവശ്യമായ രണ്ട് മഴ മറ യൂണിറ്റും സബ്സിഡിയോടെ ലഭിച്ചു. തുടർന്നു കണ്ണൂർ ജില്ല കുടുംബശ്രീ മിഷനിൽ നിന്നും 60,000 രൂപ റിവോൾവിംഗ് ഫണ്ടായി വളനിർമ്മാണ യൂണിറ്റ് തുടങ്ങാനും ലഭിച്ചു. അതോടെ ചാണകം, പച്ചില, എല്ലുപൊടി തുടങ്ങിയ ജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് വളം നിർമ്മിക്കാനും തുടങ്ങി. ചെടി വാങ്ങാൻ വരുന്നവർ ആവശ്യത്തിനുള്ള വളവും വാങ്ങിക്കും. ഭാര്യ രമ്യയുടെ നേതൃത്വത്തിൽ രണ്ടു തൊഴിലാളികളും ചേർന്നാണ് ചെടി പരിപാലനവും വള നിർമ്മാണവും നടത്തുന്നത്.

കുടുംബശ്രീ യൂണിറ്റ് വാട്സാപ്പ് കൂട്ടായ്മയിലൂടെ ഷിജിത്തിന്റെ നേഴ്സറി തേടി വരുന്നവർ ഇപ്പോൾ ഏറുകയാണ്. 15,000 മുതൽ 20,000 വരെ മാസവരുമാനം ലഭിക്കുന്നതായി ഷിജിത്ത് പറയുന്നു. വിദ്യാലയങ്ങളിലും ആശുപത്രികളിലും ജൈവ ഉദ്യാനങ്ങൾ നിർമ്മിച്ചു നൽകാനും ഷിജിത്ത് നേതൃത്വം നൽകിയിട്ടുണ്ട്.

അടുത്ത ദിവസം ഷിജിത്തിന്റെ 250 ഓളം വരുന്ന കോളിഫ്ലവറും കാബേജും വിളവെടുക്കും. സ്വന്തം ആവശ്യത്തിനുപയോഗിച്ചതി

ന്റെ ബാക്കി മാത്രമേ വിൽപ്പന നടത്തൂ. അതും കുടുംബശ്രീ ചന്തകളിൽമാത്രം.

പ്രകൃതിയിലേക്ക് മടങ്ങാം, സ്വന്തം കാലിൽ നിൽക്കാം, മാറാരോഗങ്ങളിൽ നിന്നും മുക്തിനേടാം. നമുക്ക് വേണ്ടത് നമുക്ക് ഉത്പാദിപ്പിക്കാം.

ഷിജിത്ത്