kerala-election

തിരഞ്ഞെടുപ്പ് ഡ്യൂട്ടി അനുഭവം ഫേസ് ബുക്കിൽ പങ്കുവച്ച് കാർഷിക കോളേജ് അദ്ധ്യാപകൻ


പള്ളിക്കര(കാസർകോട്):തദ്ദേശതിരഞ്ഞെടുപ്പിൽ കള്ളവോട്ട് തടയാൻ ശ്രമിച്ചതിന് കാലു വെട്ടുമെന്ന് എം.എൽ.എ ഭീഷണിപ്പെടുത്തിയതായി പ്രിസൈഡിംഗ് ഓഫീസറായ കാർഷിക കോളേജ് അദ്ധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ്. പള്ളിക്കര ഗ്രാമപഞ്ചായത്തിലെ ചെർക്കാപാറ ജി.എൽ.പി സ്‌കൂൾ ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസറായിരുന്ന പടന്നക്കാട് കാർഷിക കോളേജ് അദ്ധ്യാപകൻ ഡോ.കെ.എം.ശ്രീകുമാറാണ് ഉദുമ എം.എൽ.എ കെ കുഞ്ഞിരാമനെതിരെ ആരോപണമുന്നയിച്ചത്.

രാവിലെ 7.30മണിയോടെ കള്ളവോട്ട് ചെയ്യാനെത്തിയ ഒരാളുടെ കാർഡ് പരിശോധിച്ചപ്പോഴാണ് ഈ അനുഭവമുണ്ടായതെന്നാണ് ഡോ.ശ്രീകുമാർ പറയുന്നത്. ബൂത്തിൽ നിരന്തരം കള്ളവോട്ട് നടന്നിരുന്നു. കളക്ടറെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുകയും, ഇതിന്റെ തെളിവുകൾ വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്.. ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി കെ. മണികണ്ഠൻ ബൂത്തിലെത്തി തന്നെ താക്കീത് ചെയ്തു.താങ്കൾ രേഖ പരിശോധിക്കേണ്ടതില്ലെന്നും,അത് ഒന്നാം പോളിംഗ് ഓഫീസർ നോക്കികൊള്ളുമെന്നും പറഞ്ഞു..ഇത് പലതവണ ആവർത്തിച്ചപ്പോൾ പോളിംഗ് ഏജന്റുമാരും ബഹളം വച്ചു.ഈ സമയം ഇതുവഴി വരുകയായിരുന്ന എം.എൽ. എ വിഷയത്തിലിടപ്പെട്ട്, നിങ്ങളുടെ കസേരയിലിരുന്നാൽ മതിയെന്നും ഒന്നാം പോളിംഗ് ഓഫീസർ രേഖ പരിശോധിച്ചുകൊള്ളുമെന്നും തന്നോട്ആവർത്തിച്ചു.മര്യാദക്ക്പറഞ്ഞതനുസരിച്ചില്ലെങ്കിൽ കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തി.വിഷയം കലക്ടറുടെശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും

കുറിപ്പിൽ പറയുന്നു. ഇടത് അദ്ധ്യാപക സംഘടനയിൽ പ്രവർത്തിച്ചിരുന്ന ശ്രീകുമാർ, എൻഡോസൾഫാൻ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെയും ഇരകളുടെയും വാദത്തിനെതിരെ നിരവധി തവണ പ്രതികരിച്ചിരുന്നു.

പ്രിസൈഡിംഗ് ഓഫീസറെ

രക്ഷിച്ചതാണ്: കെ.കുഞ്ഞിരാമൻ
പ്രിസൈഡിംഗ് ഓഫീസറെ ജനം കൈയേറുന്ന അവസ്ഥയിൽ താനിടപെട്ട് അദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് കെ കുഞ്ഞിരാമൻ എം.എൽ.എയുടെ വിശദീകരണം.

പ്രിസൈഡിംഗ് ഓഫീസർ വരാന്തയിൽ വന്നാണ് തിരിച്ചറിയൽ കാർഡ് പരിശോധിച്ചത്. രവീന്ദ്രൻ എന്നയാളുടെ കാർഡായിരുന്നു ഇത്. പഴയ തിരിച്ചറിയൽ കാർഡ് കൊണ്ടാണ് രവീന്ദ്രൻ വോട്ട് ചെയ്യാനെത്തിയത്. തൊട്ടുപിറകിൽ രവീന്ദ്രന്റെ ഭാര്യയുമുണ്ടായിരുന്നു.ആൾക്കാർ കൂടിയപ്പോഴാണ് വോട്ട് ചെയ്യാൻ ബൂത്തിലെത്തിയ താൻ വിഷയത്തിലിടപെട്ടത്.മാസ്‌ക് ധരിച്ചിട്ടുള്ളതിനാൽ തനിക്ക് പ്രിസൈഡിംഗ് ഓഫീസറെ തിരിച്ചറിയാനുമായില്ല. പ്രിസൈഡിംഗ് ഓഫീസറോട്, നിങ്ങൾ നിങ്ങളുടെ കസേരയിൽ പോയി ഇരിക്കണമെന്ന് പറഞ്ഞു. താൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് അദ്ദേഹത്തിന്റെ ആരോപണത്തിലെന്നും എംഎൽഎ പറഞ്ഞു.