നീലേശ്വരം: മുണ്ടേമ്മാട് ദ്വീപിലെയും നീലേശ്വരം നഗരത്തിന്റെ തീരപ്രദേശങ്ങളിലെയും ഉപ്പുവെള്ള ഭീഷണിക്ക് ശാശ്വതപരിഹാരം കാണാൻ കേന്ദ്ര​-സംസ്ഥാന സർക്കാരുകൾ ഇടപെട്ട് വൻപദ്ധതി ആവിഷ്കരിക്കണമെന്ന് നീലേശ്വരം നഗരസഭയുടെ ആദ്യ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കൗൺസിൽ യോഗത്തിൽ ആദ്യം ഉയർന്നുവന്ന വിഷയവും തീരദേശ മേഖലയിലെ അതിരൂക്ഷമായ ഉപ്പുവെള്ളപ്രശ്നം തന്നെയായിരുന്നു.

നീലേശ്വരം പാലായി മുതൽ അഴിത്തല വരെയുള്ള 22 വാർഡുകളിലൂടെ കടന്നു പോകുന്ന തേജസ്വനി, നീലേശ്വരം പുഴകളിൽ വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കരകവിഞ്ഞൊഴുകുന്നത് മൂലം കുടിവെള്ളം പോലും എടുക്കാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഹെക്ടർ കണക്കിന് കൃഷിയും നശിച്ചു. പാലായി ഷട്ടർ കം ബ്രിഡ്ജിന്റെ ബണ്ട് കെട്ടിയതു കൊണ്ടാണ് ഉപ്പുവെള്ളം കയറുന്നത് എന്ന ആരോപണത്തെ കൗൺസിൽ യോഗം തള്ളിക്കളഞ്ഞു. പുഴഭിത്തി ഉയർത്തിയും തോടുകൾക്ക് ചെക്കു ഡാം നിർമ്മിച്ചും ഉപ്പുവെള്ളം കയറുന്നത് തടയണമെന്ന് സംസ്ഥാന ജലസേചനവകുപ്പിനോട് കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫിയാണ് പ്രമേയം അവതരിപ്പിച്ചത്. കെ. രവീന്ദ്രൻ,​ റഫീഖ് കോട്ടപ്പുറം,​ പി. ഭാർഗവി,​ പി. ബാലകൃഷ്ണൻ,​ എം. ഭരതൻ, എന്നിവർ ഇതുസംബന്ധിച്ച് സംസാരിച്ചു. പ്രമേയം ഐകകണ്ഠമായാണ് കൗൺസിൽ പാസാക്കിയത്.

ഷട്ടർ കം ബ്രിഡ്ജിനെതിരെ തെറ്റായ പ്രചാരണം

പാലായി ഷട്ടർ കം ബ്രിഡ്ജ് കൊണ്ടല്ല വേലിയേറ്റം കൊണ്ടാണ് ഉപ്പുവെള്ളം കയറുന്നതെന്ന് ടി.പി. ലത അഭിപ്രായപ്പെട്ടു. അവിടെ ഇതുവരെ ബണ്ട് ഉയർത്തിയിട്ടില്ല. കാലാവസ്ഥ വ്യതിയാനമാണ് വേലിയേറ്റ സമയത്തെ വെള്ളപൊക്കത്തിന് കാരണം. മുണ്ടേമ്മാട് ദ്വീപുൾപ്പെടുന്ന 18 ാം വാർഡിലെ സുഭാഷ് കഴിഞ്ഞ രണ്ടാഴ്ചയായി ഉപ്പുവെള്ളം കയറിയ വീടുകളുടെ ദുരിതം വിശദീകരിച്ചു. ഉപ്പുവെള്ളം കയറി നശിച്ചുപോയ തെങ്ങ് അടക്കമുള്ള കാർഷിക വിളകൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യം ആലോചിക്കണമെന്ന് കൗൺസിലർ വിനയരാജും ടി.വി ഷീബയും സതിയും ആവശ്യപ്പെട്ടു. വിഷയം സംബന്ധിച്ച് വിദഗ്ധരെ ഉൾപ്പെടുത്തി പഠനം നടത്തിയ ശേഷം സർക്കാരുകളെ സമീപിക്കാനും കൗൺസിൽ തീരുമാനിച്ചു. ചെയർപേഴ്സൺ ടി.വി ശാന്ത അദ്ധ്യക്ഷത വഹിച്ചു.