news
ഉപ്പുവെള്ള ഭീഷണി സംബന്ധിച്ച് കേരള കൗമുദി കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച വാർത്ത

നീലേശ്വരം: അപ്രതീക്ഷിത മഴയിൽ കൃഷി നാശത്തിൽ. പതിവിനു വിപരീതമായി വന്ന മഴയിലും വേലിയേറ്റത്തിലും ഏക്കർ കണക്കിന് കൃഷി നശിച്ചു. കാലാവസ്ഥയിൽ വന്ന വ്യതിയാനത്തെ തുടർന്ന് തീരദേശ മേഖലയിൽ ഉപ്പുവെള്ളം കയറിയതും കൃഷിക്കാരെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

തുടർച്ചയായ മഴയെ തുടർന്ന് വെള്ളം കെട്ടിനിന്നും ഉപ്പുവെള്ളം കയറിയും വയലുകളിലെ നെൽകൃഷി നശിച്ചിരിക്കുകയാണ്. പയർ, വെള്ളരി, ചീര തുടങ്ങിയ പച്ചക്കറികൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്. ഉപ്പുവെള്ളം കയറിയ മേഖലകളിലെ നേന്ത്രവാഴ കൃഷിയും നശിച്ചിരിക്കുകയാണ്. മലയോര മേഖലയിയിൽ തുടർച്ചയായ മഴയെ തുടർന്ന് റബർ ടാപ്പിംഗും നിലച്ചു. റബ്ബറിന് ഏറെക്കാലത്തിനു ശേഷം ആശ്വാസം പകരുന്ന രീതിയിൽ വില കിട്ടുന്ന സമയത്താണ് ടാപ്പിംഗും തടസപ്പെട്ടിരിക്കുന്നത്.

അപ്രതീക്ഷിതമായി പെയ്ത മഴ അടക്കാക്കർഷകർക്കും ഇരുട്ടടിയായി. വയലുകളിലും പറമ്പിലും ഉണങ്ങാനിട്ട അടക്ക വാരിവയ്ക്കാൻ പോലും മിക്ക കർഷകർക്കും സാവകാശം കിട്ടിയില്ല. നനഞ്ഞുകുതിർന്നതിനാൽ ഇവയ്ക്ക് വില കിട്ടാൻ ഇടയില്ല. കാസർകോട് ജില്ലയിലെ പല ഭാഗത്തും ഇന്നലെയും ശക്തമായ മഴ ലഭിച്ചു.