കണ്ണൂർ: സൈബർ കേസുകൾ വളരെയധികം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കേരള പൊലീസിന്റെ നേതൃത്വത്തിലുള്ള 'അപരാജിത' ഓൺലൈൻ സംവിധാനത്തിന്റെ പ്രാധാന്യം ഏറുകയാണെന്ന് വനിതാ കമ്മിഷൻ അംഗം ഇ.എം രാധ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മിഷൻ മെഗാ അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സൈബർ കുറ്റ കൃത്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് അപരാജിത വഴി എത്തുന്നത്. ഇത് വളരെ ഗൗരവത്തോടെയാണ് കമ്മിഷൻ കാണുന്നത്. ഇത്തരം കേസുകളെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടവയാണ്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ഓൺലൈൻ അതിക്രമങ്ങളിൽ പെട്ടെന്ന് പരിഹാരം കാണുന്നതിന് അപരാജിത ഓൺലൈൻ സംവിധാനം വഴി ആർക്കും പരാതി നൽകാൻ കഴിയുമെന്നും അദാലത്തിൽ എത്തിയ രണ്ടു കേസുകൾ അപരാജിത വഴി രജിസ്റ്റർ ചെയ്തതാണെന്നും അവർ പറഞ്ഞു. അപരാജിത വഴി കേസുൾ രജിസ്റ്റർ ചെയ്താൽ എളുപ്പത്തിൽ പരിഹാരം കാണാൻ കഴിയുമെന്നും ഇ.എം.രാധ അഭിപ്രായപ്പെട്ടു.
13 കേസുകൾ തീർപ്പായി
അദാലത്തിൽ ആകെ 77 കേസുകളാണ് കമ്മിഷനു മുമ്പാകെ എത്തിയത്. ഇതിൽ 13 എണ്ണം തീർപ്പായി. 62 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. രണ്ടു കേസിൽ കമ്മിഷൻ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും വനിതാകമ്മിഷൻ അംഗം പറഞ്ഞു. അദാലത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബി. ബുഷ്‌റത്ത്, ലീഗൽ പാനൽ അംഗങ്ങളായ അഡ്വ. വിമലകുമാരി, അഡ്വ. പത്മജ പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.