തളിപ്പറമ്പ്: കെ.എസ്.ഇ.ബി വ്യാപകമായി വീടുകളിലെ ഫ്യൂസ് ഊരുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കെ.എസ്.ഇ.ബി അസി.എൻജിനീയറെ ഉപരോധിച്ചു. ലോക് ഡൗൺ കാലത്തെ ബാക്കി വന്ന ബില്ലുകൾ അടച്ചില്ലെന്ന കാരണം പറഞ്ഞാണ് നഗരസഭാ പരിധിയിൽ കെ.എസ്.ഇ.ബി നിരവധി വീടുകളിലെ ഫ്യൂസ് ഊരിയത്.

യൂത്ത് കോൺഗ്രസ് ജില്ലാ ജന.സെക്രട്ടറി വി.രാഹുലിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. മണ്ഡലം പ്രസിഡന്റ് സി.വി. വരുൺ, അനീഷ് കുമാർ, ജ്യോതിഷ്, സി.വി. അരുൺ, സായന്ത്, അബു താഹിർ എന്നിവർ നേത്യത്വം നൽകി. തുടർന്ന് അസി.എഞ്ചിനീയറുമായി നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, നൗഷാദ് ബ്ലാത്തൂർ എന്നിവർ നടത്തിയ ചർച്ചയിൽ താൽക്കാലികമായി ഫ്യൂസ് ഊരുന്നത് നിർത്തിവെക്കാൻ നിർദ്ദേശം നൽകിയതായി എ.ഇ അറിയിച്ചു.