radio
ആകാശവാണി കണ്ണൂർ

കണ്ണൂർ: കണ്ണൂർ ആകാശവാണി നിലയത്തെ റിലേ സ്റ്റേഷനാക്കി തരംതാഴ്ത്തപ്പെടുന്നതിലേക്ക് നയിച്ചതു ഒരു വിഭാഗം ഉദ്യോഗസ്ഥരാണെന്നു ആരോപണം. കണ്ണൂർ നിലയത്തെ തരംതാഴ്ത്തരുതെന്ന് ആവശ്യപ്പെട്ട് കെ. കെ. രാഗേഷ് എം.പി ഉൾപ്പടെയുള്ള ജനപ്രതിനിധികൾ കേന്ദ്ര സർക്കാരിനും വാർത്താവിതരണ വകുപ്പ് മന്ത്രിക്കും മറ്റും നിവേദനം നൽകിയിട്ടുണ്ടെങ്കിലും തീരുമാനം മാറ്റുന്ന യാതൊരു സൂചനയും ഇതുവരെയുണ്ടായിട്ടില്ല.

നേരത്തെ കണ്ണൂർ ആകാശവാണി നിലയത്തിന് അനുവദിച്ച ഫണ്ട് അത്രയും ആവശ്യമില്ലെന്ന് കാണിച്ച് തിരിച്ചയച്ചിരുന്നു. പ്രസാർഭാരതിയുടെ കണക്ക് പ്രകാരമുള്ള പരിപാടികൾക്ക് അനുവദിച്ചിരുന്ന ഫണ്ടാണ് തിരിച്ചയച്ചത്. ഫണ്ട് ചുരുങ്ങിയതോടെ ജനപ്രിയ സ്റ്റേഷനല്ലാത്ത പട്ടികയിലേക്ക് സ്റ്റേഷൻ മാറുകയായിരുന്നു. ഇതെല്ലാം ചേർന്നാണ് കണ്ണൂർ ആകാശവാണിയുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചിരിക്കുന്നത്.

കുരുക്കായി കോടതി വിധിയും

വിരലിലെണ്ണാവുന്ന സ്ഥിരം ജീവനക്കാർ മാത്രമാണ് കണ്ണൂർ നിലയത്തിലുള്ളത്. കാഷ്വൽ അനൗൺസർമാരെ ഉപയോഗപ്പെടുത്തിയാണ് കണ്ണൂർ ആകാശവാണി പ്രവർത്തിച്ചുവരുന്നത്. വർഷങ്ങളായി കാഷ്വൽ അനൗൺസർമാരായി പ്രവർത്തിച്ചു പോന്ന ഏതാനും പേർ സ്ഥിരപ്പെടുത്തണമെന്നു കാണിച്ച് സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിനെതിരേ സ്ഥിരം ജീവനക്കാരായ ചിലർക്ക് അതൃപ്തിയുണ്ടായിരുന്നു. അനുയോജ്യമായ പദ്ധതികൾ തയാറാക്കി കേസിൽ കക്ഷി ചേർന്ന കാഷ്വൽ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു ട്രൈബ്യൂണൽ വിധി. ഇതിനെതിരേ പ്രസാർഭാരതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ട്രൈബ്യൂണിലിന്റെ വിധി ഹൈക്കോടതിയും ശരിവയ്ക്കുകയായിരുന്നു.ഹൈക്കോടതി വിധിക്കെതിരേ പ്രസാർഭാരതി സുപ്രീം കോടതിയിൽ അപ്പീൽ പോയതിനാൽ കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

26 മുതൽ റിലേ കേന്ദ്രം
26 മുതൽ കണ്ണൂർ ഉൾപ്പടെയുള്ള റേഡിയോ സ്റ്റേഷനുകളെ തിരുവനന്തപുരം ആകാശവാണിയുടെ റിലേ കേന്ദ്രമാക്കി മാറ്റാനാണ് പ്രസാർ ഭാരതി തീരുമാനം. റിലേ കേന്ദ്രമായി മാറുന്നതോടെ കണ്ണൂർ ആകാശവാണിക്ക് സ്വന്തമായി പരിപാടികൾ നിർമിക്കുന്നതിനും അവതരിപ്പിച്ച് പ്രക്ഷേപണം ചെയ്യുന്നതിനും നിയന്ത്രണങ്ങൾ വരും. നിലവിൽ പ്രതിദിനം 16 മണിക്കൂർ വരെ വിവിധങ്ങളായ വിനോദവിജ്ഞാന പരിപാടികൾ കണ്ണൂർ റേഡിയോ നിലയം പ്രക്ഷേപണം ചെയ്യുന്നുണ്ട്. റിലേ സ്റ്റേഷനായി മാറുമ്പോൾ ഇതെല്ലാം പരിമിതപ്പെടും. പ്രസാർ ഭാരതി 2020 നവംബർ 18 ന് ഇറക്കിയ റീബ്രാൻഡിംഗ് പദ്ധതിപ്രകാരം കണ്ണൂർ ഉൾപ്പെടെയുള്ള 36 പ്രാദേശികനിലയങ്ങളാണ് ഇത്തരത്തിൽ തരം താഴ്ത്തപ്പെടുന്നത്.