കാസർകോട്: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിന്റെ തുടരന്വേഷണത്തിന് കാസർകോട്ടെത്തിയ ക്രൈംബ്രാഞ്ച് സംഘം പരാതിക്കാരനായ ബേക്കൽ മലാംകുന്നിലെ വിപിൻലാലിന്റെ മൊഴി രേഖപ്പെടുത്തി. കോട്ടയം യൂണിറ്റിലെ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്നലെ ഉച്ചയ്‌ക്ക് കാസർകോട് എസ്.പി ഓഫീസിൽ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.
നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് അനുകൂലമായി കോടതിയിൽ മൊഴി നൽകണമെന്നാവശ്യപ്പെട്ട് വിപിൻലാലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കെ.ബി. ഗണേശ്കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപ്കുമാർ കോട്ടത്തലയ്‌ക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തിരുന്നു. പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യം അനുവദിച്ചു.
വിപിൻലാലിനെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച ഫോണും സിം കാർഡും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സിം കണ്ടെത്താനായി പൊലീസ് കെ.ബി. ഗണേശ്കുമാർ എം.എൽ.എയുടെ വീട്ടിലും പ്രദീപ്കുമാറിന്റെ വീട്ടിലും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. പൊലീസ് റിപ്പോർട്ട് പ്രകാരം വിപിൻലാലിന്റെ രഹസ്യമൊഴി ഈയിടെ കോടതി രേഖപ്പെടുത്തിയിരുന്നു. പിന്നീട് മൊഴിമാറ്റാനുള്ള സാദ്ധ്യത കണക്കിലെടുത്തായിരുന്നു നടപടി.