tennis
നവീകരണ പ്രവർത്തനം പൂർത്തിയാക്കി ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കണ്ണൂർ ടെന്നീസ് അസോസിയേഷന്റെ കീഴിലുള്ള ടെന്നീസ് കോർട്ട്

കണ്ണൂർ :നവീകരണം കഴിഞ്ഞ് ഫ്‌ളഡ് ലിറ്റ് പ്ലെക്‌സി കൂഷ്യൻ കോർട്ടായി ലോക നിലവാരത്തിലേക്ക് ഉയർന്ന കോർപ്പറേഷൻ ഓഫീസിന് സമീപത്തെ ടെന്നീസ് കോർട്ട് കോർപ്പറേഷൻ മേയർ ടി .ഒ.മോഹനൻ ഇന്ന് രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യും.കണ്ണൂർ ടെന്നീസ് അസോസിയേഷൻ 20 ലക്ഷം രൂപ ചിലവിലാണ് കോർട്ടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

ഇക്കഴിഞ്ഞ ഡിസംബറിലാണ് നവീകരണം ആരംഭിച്ചത്. ചാണകമെഴുകിയ കോർട്ടിൽ നിന്ന് ക്ലേ കോർട്ടിലേക്കും മണൽ കോർട്ടിലേക്കും തുട‌ർന്ന് ഇന്ന് കാണുന്ന ഫ്‌ളഡ് ലിറ്റ് പ്ലെക്‌സി കൂഷ്യൻ കോർട്ടലേക്കുമുള്ള ഉയർച്ചയ്ക്ക് പിന്നിൽ നിരവധി ടെന്നീസ് ആരാധകരുടെ പിശ്രമമുണ്ട്. വർഷങ്ങൾക്ക് മുൻപ് പൊലീസ് മൈതാനത്തിലെ അഴുക്കുവെള്ളം നിറഞ്ഞ ഒരു കപ്പണ ആയിരുന്നു ഈ ടെന്നീസ് കോർട്ട് . 1978 ൽ തിരുവനന്തപുരം ടെന്നീസ് സ്റ്റേഡിയത്തിന്റെ മാതൃകയിൽ ടെന്നീസ് പ്രേമികളായ പി. കെ മുഹമ്മദ്, സി .ടി .മനോഹരൻ , യു. കെ .പവിത്രൻ , മാത്യു സാമുവേൽ , പി. വിജയൻ, വെസ്ലി ആരോൺ എന്നിവരുടെ പരിശ്രമത്തിലൂടെയാണ് ഇന്നത്തെ ടെന്നീസ് കോർട്ടിന് തുടക്കമിട്ടത്.കോർട്ടിന്റെ ആധുനികവത്കരണം 2003ൽ ആണ് ആരംഭിച്ചത്. ആസ്സാൽട്ടിൻ കോർട്ടിനെ 2007 ൽ ഐക്‌സി കുഷ്യൻ കോർട്ട് സിന്തറ്റിക്ക് ആയി രൂപപ്പെടുത്തുകയുണ്ടായി .മലബാറിലെ ആദ്യത്തെയും കേരളത്തിലെ രണ്ടാമത്തെയും ലോക നിലവാരത്തിലുള്ള സിന്തറ്റിക്ക് ഐക്‌സ് കുഷ്യൻ കോർട്ട് ആയിരുന്നു ഇത്. ഈ കാലഘട്ടങ്ങളിൽ സംസ്ഥാന തലത്തിലും സൗത്ത് ഇന്ത്യ തലത്തിലും ഉള്ള വിവിധ ടൂർണമെന്റുകൾക്കൊപ്പം നിരവധി ഓൾ കേരള വെറ്ററൻസ് ടൂർണമെന്റും ഇവിടെ അരങ്ങേറി. കേരളത്തിലെ തന്നെ ഏറ്റവും

മികച്ച ടെന്നീസ് കോർട്ടുകളിൽ ഒന്നാണ് കണ്ണൂരിലെ ഈ കോർട്ട്.