കണ്ണൂർ: കേരളാ ഗവ. കോൺട്രാക്ടേഴ്സ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നാളെ സൂചനാ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കുക, ഉൽപ്പന്നങ്ങൾക്ക് ജി.എസ്.ടി നടപ്പാക്കുക, വില വ്യതിയാന വ്യവസ്ഥ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കരാർ ജോലികൾ ഏറ്റെടുത്ത് പൂർത്തിയാക്കിയ വകയിൽ കിഫ്ബിയിൽ നിന്ന് ഉൾപ്പെടെ 8500 കോടി രൂപയാണ് ഇവർക്ക് കുടിശികയായി കിടക്കുന്നത്. കൊവിഡിനെ തുടർന്നു മേയ് 20 മുതൽ നിർത്തിവച്ച എല്ലാ കരാർ ജോലികളും പുനരാരംഭിച്ചിരുന്നു. ആറു മാസത്തെ തുക സർക്കാരിൽ നിന്നു ലഭിക്കാത്തതിനാൽ തുടർ പ്രവൃത്തി നിർത്തിവയ്‌ക്കേണ്ട സ്ഥിതിയാണ്. 12നു തിരുവനന്തപുരത്ത് ചേരുന്ന സംയുക്ത സമരസമിതി അനിശ്ചിതകാല പണി നിർത്തിവയ്ക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സി. രാജൻ, കെ.എം അജയകുമാർ, സുനിൽ പോള എന്നിവർ സംബന്ധിച്ചു.