കാസർകോട്: വഴക്കിനിടെ ഭാര്യയെ നാടൻ തോക്കുകൊണ്ട് വെടിവച്ചുകൊന്നശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കാനത്തൂർ വടക്കേക്കര കോളനിയിലെ ബേബിയാണ് (36) കൊല്ലപ്പെട്ടത്. ഭർത്താവ് വിജയൻ (40) ഭാര്യയുടെ തലയ്ക്ക് പിന്നിൽ വെടിവയ്ക്കുകയായിരുന്നു. കുടുംബപ്രശ്‌നമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. വിജയൻ കൂലിപ്പണിക്കാരനാണ്.
അഞ്ചുവയസുള്ള മകനുണ്ട്. കുട്ടിയാണ് അയൽവീട്ടിലെത്തി വിവരം പറഞ്ഞത്.
ഓടിക്കൂടിയ അയൽവാസികളെ വിജയൻ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. തൊട്ടടുത്ത റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ പിന്നീട് ഇയാളെ കണ്ടെത്തി. മദ്യലഹരിയിൽ ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു. ഒരുമാസം മുമ്പ് ബേഡഡുക്ക പൊലീസിൽ ബേബി പരാതി നൽകിയിരുന്നു. വിജയനെ പൊലീസ് താക്കീത് നൽകി വിട്ടയച്ചിരുന്നു. അന്ന് കേസെടുത്തിരുന്നില്ല.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം വീട്ടിൽ പരിശോധന നടത്തി. വിജയൻ നായാട്ടിന് ഉപയോഗിക്കാറുള്ള തോക്ക് കണ്ടെടുത്തു. വനിത കമ്മിഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് പേരുടെയും മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
'അച്ഛൻ അമ്മയെ വെടിവച്ചു,
അമ്മ ഇപ്പോ അനങ്ങുന്നില്ല'
ആദൂർ:'അമ്മയെ അച്ഛൻ വെടിവച്ചു, ഇപ്പോ അമ്മ അനങ്ങുന്നില്ല-പേടിച്ചരണ്ട അഞ്ചുവയസുകാരൻ ഓടിവന്ന് അയൽവീട്ടിലെത്തി പറഞ്ഞതുകേട്ടാണ് കാനത്തൂരിലെ ദാരുണമായ കൊലപാതകവും ആത്മഹത്യയും പുറംലോകമറിഞ്ഞത്. ഒരുനിമിഷം കൊണ്ട് അനാഥനായ കുഞ്ഞ് നാടിന്റെ നൊമ്പരമാണിപ്പോൾ.
സംഭവം നേരിൽ കണ്ടതിന്റെ ആഘാതത്തിലാണ് കുട്ടി. ഓടിയെത്തിയ കുട്ടി സംഭവം പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ലെന്ന് അയൽവാസികൾ. ദമ്പതികൾ തമ്മിൽ കലഹം പതിവാണെന്നും അയൽവാസികൾ സൂചിപ്പിച്ചു. അയൽക്കാർ എത്തുമ്പോൾ ബേബി നിലത്തുവീണുകിടക്കുകയായിരുന്നു. കുട്ടി ബന്ധുക്കളുടെ സംരക്ഷണയിലാണിപ്പോൾ.
കൊലപാതകത്തിന് പിന്നിൽ
സംശയ രോഗവും
കാനത്തൂർ തെക്കേകരയിലെ ബേബിയെ വെടിവച്ച് കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തത് സംശയരോഗത്തെ തുടർന്നാണെന്ന് അയൽവാസികളും പൊലീസും പറയുന്നു. മദ്യലഹരിയിൽ വിജയൻ ഭാര്യയുടെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്തു മർദ്ദിക്കുമായിരുന്നു.
മർദ്ദനത്തിൽ സഹികെട്ട വീട്ടമ്മ വെള്ളിയാഴ്ച രാവിലെ ആദൂർ പൊലീസിലെത്തി പരാതി നൽകിയിരുന്നു. ദമ്പതികളുമായി സംസാരിച്ച പൊലീസ് ഇരുവരെയും സമാധാനപ്പെടുത്തുകയും കുറ്റാരാേപിതനായ
ജെ. സി. ബി ഡ്രൈവറെ വരുത്തി അന്വേഷിക്കാമെന്ന് ഉറപ്പു നൽകിയാണ് മടക്കി അയച്ചത്. പക്ഷേ, വീട്ടിലെത്തിയ ഇവർ വീണ്ടും വഴക്കുകൂടുകയായിരുന്നു.
ഒറ്റ കുഴലുള്ള കള്ളത്തോക്ക് കൊണ്ടാണ് തലക്ക് താഴെ ചെവിയുടെ ഭാഗത്ത് വെടിവച്ചത്. മേഖലയിലെ കള്ളത്തോക്കുകളെ കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.