south
കാഞ്ഞങ്ങാട‌് സൗത്തിൽ ദേശീയപാത മണ്ണു പരിശോധന നടത്തുന്നു

കാഞ്ഞങ്ങാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണുപരിശോധന തുടങ്ങി. മണ്ണിന്റെ ഘടന പരിശോധിക്കുന്ന പ്രവൃത്തി പടന്നക്കാടിനും ഐങ്ങോത്തിനും ഇടയിലാണ് നടക്കുന്നത്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ റോഡ് താഴ്ന്നുപോകുന്നത് ഒഴിവാക്കാൻ ഭൂമിക്കടിയിൽ എത്ര ആഴത്തിൽ കരിങ്കൽ ശേഖരമുണ്ടെന്നത് പരിശോധനയിലൂടെ കണ്ടെത്തും. റോഡിന്റെ ബലം ഉറപ്പാക്കുന്നതിനും ആന്തരിക ജലപാതകൾ കണ്ടെത്തുന്നതിനുമാണ് ഭൂമി തുരന്ന് സർവേ നടത്തുന്നത്. ഭൂമിയുടെ അന്തർഭാഗത്ത് പശിമരാശിയുള്ള മണ്ണുണ്ടാകുന്നത് റോഡിന്റെ ഉറപ്പിനെ കാര്യമായി ബാധിക്കുന്നുണ്ട്. ഇത്തരം സ്ഥലങ്ങളിൽ കാര്യക്ഷമമായ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. ബലക്കുറവ് കണ്ടെത്തിയ സ്ഥലങ്ങളിൽ നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടിവരും. 200 അടി ആഴത്തിലാണ് തുരന്നു പരിശോധന നടത്തുന്നത്. അഞ്ചു വർഷത്തേക്കെങ്കിലും റോഡ് തകരില്ലെന്ന് ഉറപ്പുവരുത്താൻ ഇതുവഴി സാധിക്കും. ഹൈദരാബാദ് ആസ്ഥാനമായുള്ള ബോധി ടെക്‌നോക്രാഫ്റ്റ്‌സ് ലിമിറ്റഡിനാണ് മണ്ണു പരിശോധനയുടെ ചുമതല.