puthucheri
മുഖ്യമന്ത്രി വി.നാരായണസ്വാമി യും ,ലഫ്: ഗവർണ്ണർ കിരൺ ബേദിയും

മാഹി : പുതുച്ചേരിയിൽ അസംബ്ലി തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കെ അധികാരം പിടിക്കാൻ ബി.ജെ.പി..ശക്തമായ നീക്കം തുടങ്ങി. കോൺഗ്രസിനെയും ദ്രാവിഡ കക്ഷികളെയും മാത്രം പിന്തുണച്ച പുതുച്ചേരിയിൽ അധികാരം പിടിച്ചെടുക്കാൻ സാഹസികമായ നീക്കം വേണമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.ഇതിന്റെ അടിസ്ഥാനത്തിൽ പരമാവധി കോൺഗ്രസ്സ് വിരുദ്ധരെ പാർട്ടിയിലെത്തിക്കുകയെന്ന പരീക്ഷണമാണ് പുതുച്ചേരിയിൽ നടക്കുന്നത്.
വി.നാരായണസ്വാമിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേറ്റ നാൾ മുതൽ ലഫ്:ഗവർണ്ണർ കിരൺ ബേദിയുമായി പരസ്യഏറ്റുമുട്ടലിലായിരുന്നു.പ്രധാന ഫയലുകൾ പലതും ഒപ്പിടാതെ മടക്കിയതിനാൽ രണ്ട് തവണ മുഖ്യമന്ത്രിയടക്കം മന്ത്രിമാരും എം.പി.യും സത്യാഗ്രഹം നടത്തേണ്ടി വന്നു.മന്ത്രിസഭ തിരുമാനത്തെ നിരാകരിച്ച് ലഫ്.ഗവർണ്ണർ മൂന്ന് ബി.ജെ.പി.ക്കാരെ കീഴ് വഴക്കങ്ങൾ മറികടന്ന് നോമിനേറ്റഡ്എം.എൽ.എമാരാക്കിയതോടെയാണ് പോര് രൂക്ഷമായത്. ഇത് ഇപ്പോഴും തുടരുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര ഭരണ പ്രദേശത്ത് 144 നിലനിൽക്കുമ്പോഴും മന്ത്രിമാരും, നേതാക്കളും ഉൾപ്പടെ അഞ്ഞൂറിലേറെപ്പേർ അണ്ണാ പ്രതിമക്ക് സമീപം സമരത്തിലാണ്. ലഫ്.ഗവർണ്ണരുടെ നിഷേധാത്മകമായ നിലപാട് മൂലം വികസനവും സാമൂഹ്യ ക്ഷേമപദ്ധതികളും മുരടിച്ചെന്നും സംസ്ഥാനത്തെ പത്തുവർഷം പിറകിലേക്ക് നയിച്ചെന്നും മുഖ്യമന്ത്രി നാരായണസ്വാമി തുറന്നടിക്കുന്നു.
ഇന്നത്തെ സാഹചര്യത്തിൽ എൻ.ഡി.എ.ക്ക് അധികാരം പിടിക്കാനാവില്ലെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ റിപ്പോർട്ട് .തുടർന്ന് അമിത് ഷാ തന്നെ പുതിയ തന്ത്രങ്ങൾ മെനയുകയാണ്, പുതുച്ചേരി മുൻ സംസ്ഥാന കോൺഗ്രസ് പ്രസിഡന്റും പൊതുമരാമത്ത് മന്ത്രിയുമായ നമശിവായം, ജി കെ വാസന്റെ നേതൃത്വത്തിലുള്ള തമിഴ് മാനില കോൺഗ്രസിൽ ചേരുമെന്ന വിവരം ഇതിനകം പുറത്തുവന്നിട്ടുണ്ട്.നമശിവായത്തോടൊപ്പം ചില കോൺഗ്രസ് എം,.എൽ.എമാരുമുണ്ടാകുമെന്നും വിവരമുണ്ട്.എ.ഐ.ഡി.എം.കെ,ബി.ജെ.പി മുന്നണിയോടൊപ്പമായിരിക്കും പുതുച്ചേരിയിൽ ടി .എം .സി മത്സരിക്കുന്നത്.

15 സിറ്റുകൾ വീതം ടി .എം. സിയും ബി.ജെ.പിയും എ.ഐ.ഡി.എം.കെയും മത്സരിക്കും.മയ്യഴി ,യാനം സീറ്റുകൾ ബി.ജെ.പിക്ക് നൽകും.നമ:ശിവായത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയാവും പ്രചരണം.അമിത്ഷായുടെ അനുമതിയോടെയുള്ള മുന്നണിക്ക് ഭരണം ലഭിച്ചില്ലെങ്കിൽ നമശിവായത്തിന് ഗവർണ്ണർ പദവി നൽകുമെന്നാണ് വാഗ്ദാനം. നാല് തവണ പാർട്ടി മാറിയ നേതാവാണ് നമശിവായം.

മറുപക്ഷത്ത് കോൺഗ്രസ് മുന്നണി വിടുവാനുള്ള തയ്യാറെടുപ്പിലാണ് ഡി.എം.കെ. സി.പി.എം അടക്കമുള്ള ഇടതുകക്ഷികളും ഡിഎംകെയോടൊപ്പമാകും.എൻ .ആർ. കോൺഗ്രസ് ഡി.എം.കെയോടൊപ്പമോ തനിച്ചോ മത്സരിക്കാനാണ് സാധ്യത.തമിഴരുടെ പ്രധാന ഉത്സവമായ പൊങ്കലിന് ശേഷം പുതുച്ചേരി രാഷ്ട്രീയത്തിന്റെ പുതിയ ചിത്രം തെളിയുമെന്നാണ് സൂചന.