driving

കണ്ണൂർ: ലോക്ക് ഡൗണിലെ നിശ്ചലാവസ്ഥയെ തുടർന്നുള്ള പ്രതിസന്ധി മറികടക്കാനുള്ള ഡ്രൈവിംഗ് സ്‌കൂളുകളുടെ ശ്രമത്തിന് മോട്ടോർ വാഹനവകുപ്പിന്റെ നിയന്ത്രണം. ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനുള്ള ഫീസ് ഏകീകരിക്കാനും പഠനനിലവാരം നിശ്ചയിക്കാനും ഉൾപ്പെടെ ഇടപെടാനാണ് വകുപ്പ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ തലവനായ സമിതിക്ക് സർക്കാർ നിർദേശം നൽകി.
മികച്ച ഡ്രൈവർമാരെ സൃഷ്ടിക്കാൻ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പിക്കുന്നതിനൊപ്പം പഠനനിലവാരം ഉയർത്താനുമാണ് സർക്കാർ നീക്കം. കൂടുതൽ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ സജ്ജമാകുന്നതോടെ ലൈസൻസ് ടെസ്റ്റിലെ പോരായ്മകളും പരിഹരിക്കപ്പെടും എന്നാണ് സർക്കാർ കണക്കുകൂട്ടൽ.

നിലവിൽ മോട്ടോർവാഹനവകുപ്പിന് ഡ്രൈവിംഗ് സ്‌കൂളുകളുടെ നടത്തിപ്പിൽ കാര്യമായ നിയന്ത്രണമില്ലായിരുന്നു. മിക്ക സ്‌കൂളുകളും അവരവരുടെ ഇഷ്ടത്തിനനുസരിച്ചാണ് ഫീസ് നിശ്ചയിച്ചിരുന്നത്.

മാത്രമല്ല ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നതിൽ ഭൂരിപക്ഷത്തിനും കൃത്യമായി വാഹനം ഓടിക്കാൻ അറിയില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. ലൈസൻസ് നേടുന്നവർ വീണ്ടും പരിശീലനം തേടിയ ശേഷമാണ് വാഹനം ഓടിക്കുന്നതെന്നും പരാതികൾ ഉയരുന്നുണ്ട്. ഈ അവസ്ഥയ്ക്ക് പരിഹാരം കാണാനാണ് സർക്കാർ പുതിയ നീക്കത്തിലൂടെ ശ്രമിക്കുന്നത്.

അതേസമയം നിലവിലെ ഡ്രൈവിംഗ് സ്‌കൂൾ അധ്യാപകർക്ക് ജോലിനഷ്ടമാകാത്ത വിധത്തിലായിരിക്കും പരിഷ്‌കരണം നടപ്പിലാക്കുക.

ഡ്രൈവിംഗ് സ്‌കൂളുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും

പരിശീലകർക്ക് യോഗ്യതയും പരിശീലനവും ഉറപ്പാക്കും.

തിയറി, പ്രാക്ടിക്കൽ ക്ലാസുകൾക്ക് സമയം നിശ്ചയിക്കും

ഡ്രൈവിംഗ് സ്‌കൂളുകൾക്ക് മൂക്കുകയറിടാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് ഈ മേഖലയിലെ സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെറിയ തോതിൽ പച്ചപിടിച്ചു വരുന്നതിനിടെ സ്‌കൂളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കത്തെ ഒരു വിധത്തിലും അനുകൂലിക്കാൻ കഴിയില്ല.-ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ