പയ്യന്നൂർ: ആയോധന കലകളിൽ ലോകത്തിൽ തന്നെ ഏറ്റവും പഴയ അഭ്യാസങ്ങളിൽ ഒന്നായ കളരിപ്പയറ്റിന്റെ കൈവഴികളിലെ അപൂർവ്വമായ വട്ടേൻ തിരിപ്പ് സമ്പ്രദായത്തെക്കുറിച്ച് തായിനേരി സി.എസ്. കളരിസംഘം സ്ഥാപകൻ പി.പി. നാരായണൻ ഗുരുക്കൾ തയാറാക്കിയ കൈയെഴുത്ത് പ്രതി വീണ്ടെടുത്ത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ചു.
ഗുരുക്കൾ വർഷങ്ങളെടുത്ത് തയാറാക്കിയ കൈയെഴുത്ത് പ്രതി അച്ചടിച്ച് പ്രസിദ്ധീകരിക്കാം എന്ന് വിശ്വസിപ്പിച്ച് സ്വന്തമാക്കിയ ശിഷ്യൻ വഞ്ചിക്കുകയായിരുന്നു എന്നാണ് ആരോപണം. നിരന്തരം ബന്ധപ്പെട്ടിട്ടും കൈയെഴുത്ത് പ്രതി തിരിച്ചുനൽകുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ അമൂല്യഗ്രന്ഥം തിരിച്ചു കിട്ടുന്നതിനായി ശിഷ്യൻമാരുടെയും നാട്ടുകാരുടെയും അഭിമുഖ്യത്തിൽ യോഗം ചേർന്നത‌്.
പി.പി. കൃഷ‌്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം വി. ബാലൻ ഉദ‌്ഘാടനം ചെയ‌്തു. കെ.കെ. ഫൽഗുനൻ, കെ. ശ്രീധരൻ, പി. പ്രേമചന്ദ്രൻ. ഹരിഹർ കുമാർ എന്നിവർ സംസാരിച്ചു. വി. ബാലൻ ചെയർമാനും പി. പ്രേമചന്ദ്രൻ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു. ഫോക്‌ലോർ അക്കാഡമി ഫെലോഷിപ്പ് നേടിയ പി.പി.നാരായണൻ ഗുരുക്കളെ ചടങ്ങിൽ ആദരിച്ചു.