കാസർകോട്: നാല്പത്തിയെട്ടു വർഷമായി മുടങ്ങാതെ പിറന്നാൾ ദിനത്തിൽ കൊല്ലൂർ മൂകാംബികാ സന്നിധിയിൽ അലയടിച്ചിരുന്ന ഗാനഗന്ധർവൻ യേശുദാസിന്റെ പ്രാർത്ഥനാ കീർത്തനം ഇക്കുറിയും മുടങ്ങിയില്ല. പതിവിൽ നിന്ന് വ്യത്യസ്തമായി അമേരിക്കയിലെ പ്രാർത്ഥന മുറിയിലിരുന്ന് അദ്ദേഹം ആലപിച്ച കീർത്തനം മൂകാംബിംകാ സന്നിധിയിൽ തൽസമയം ടെലികാസ്റ്റ് ചെയ്യുകയായിരുന്നു.
ആലാപനം എല്ലാവർഷവും നേരിട്ട് കേട്ടിരുന്ന ആരാധകർക്കും മൂകാംബികാ ഭക്തർക്കും അദ്ദേഹത്തിന്റെ എൺപത്തിയൊന്നാം പിറന്നാൾ ആഘോഷം വേറിട്ട അനുഭവമായി.
'ശ്രീ സരസ്വതി നമസ്തുതേ..' എന്ന് തുടങ്ങുന്ന കീർത്തനമാണ് ഡാളസിലുള്ള പൂജാമുറിയിൽ ഉപവിഷ്ടനായി ഭക്തിനിർഭരമായി അദ്ദേഹം ആലപിച്ചത്. 'കൊവിഡ് ബുദ്ധിമുട്ട് കാരണം കൊല്ലൂരിൽ അമ്മയുടെ സന്നിധിയിൽ വരാൻ പറ്റാത്തതിൽ മാനസികമായി വലിയ പ്രയാസം ഉണ്ട്. എങ്കിലും എന്റെ മനസ് കൊല്ലൂരിൽ ഉണ്ട്. ഇത്രയും പറഞ്ഞുകൊണ്ടാണ് യേശുദാസ് ഉച്ചക്ക് 12 മണിയോടെ കീർത്തനം ആലപിച്ചത്.
48 വർഷമായി യേശുദാസ് നടത്തിയിരുന്ന പരിപാടികൾ കൊവിഡ് സാഹചര്യത്തിൽ മാറ്റിവച്ചെങ്കിലും പതിവ് സംഗീതാർച്ചനകളും ചണ്ഡികാ ഹോമം ഒഴികെയുള്ള പൂജകളും നടന്നു. ഗോവിന്ദ അഡിഗയുടെ കാർമ്മികത്വത്തിൽ ആയിരുന്നു കർമ്മങ്ങൾ. യേശുദാസിന്റെ ഉറ്റമിത്രവും സംഗീതജ്ഞനുമായ എറണാകുളത്തെ ഡോ. സി. എം രാധാകൃഷ്ണൻ നേതൃത്വം വഹിച്ചു. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിൽ പുലർച്ചെ മുതൽ വൈകുന്നേരംവരെ നീണ്ട സംഗീതാർച്ചനയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സംഗീതജ്ഞരും വിദ്യാർത്ഥികളും ആരാധകരും പങ്കെടുത്തു.