തലശ്ശേരി:ജനുവരി 10 മുതൽ മുംബൈയിൽ ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി 2020 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വേണ്ടി കണ്ണൂർ ജില്ലക്കാരായ അക്ഷയ് ചന്ദ്രൻ, സൽമാൻ നിസാർ, എം.പി.ശ്രീരൂപ് എന്നിവർ പാഡണിയും. 2017-18 സീസണിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയിൽ സെമി ഫൈനലിൽ പ്രവേശിച്ച കേരള ടീമിന്റെ ഭാഗമായിരുന്നു അക്ഷയ് ചന്ദ്രനും സൽമാൻ നിസാറും ഒ.വി.മസർ മൊയ്തുവും.സഹപരിശീലകനായാണ് .മസർ മൊയ്തു ഇക്കുറി ടീമിനൊപ്പമുള്ളത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരള സീനിയർ ടീമിലെ സ്ഥിരസാന്നിദ്ധ്യമാണ് അക്ഷയ് ചന്ദ്രനും സൽമാൻ നിസാറും. ഇതാദ്യമായാണ് കേരള സീനിയർ ടീമിലേക്ക് ശ്രീരൂപ് തിരഞ്ഞെടുക്കപ്പടുന്നത്. കണ്ണൂർ ജില്ലാ ക്രിക്കറ്റ് അക്കാഡമിയിൽ ഒ.വി.മസർ മൊയ്തു, ഡിജുദാസ് എന്നിവരുടെ ശിക്ഷണത്തിൽ ബാറ്റിംഗിലും ബൗളിംഗിലും കരുത്തുകാട്ടിയ ശ്രീരൂപ് അണ്ടർ 14 ,അണ്ടർ 16,അണ്ടർ 19,അണ്ടർ 23 കേരള ടീമിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു.സ്ഥിരതയാർന്ന പ്രകടനമാണ് വലം കൈയ്യൻ മദ്ധ്യനിര ബാറ്റ്സ്മാനും വലം കൈയ്യൻ മീഡിയം പേസറുമായ ശ്രീരൂപിനെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുളള കേരള ടീമിലേക്ക് സ്ഥാനമുറപ്പിക്കാൻ സഹായിച്ചത്.
എലൈറ്റ് ഗ്രൂപ്പ് ഇ യിൽ
പോണ്ടിച്ചേരി, മുംബൈ,ഡൽഹി,ആന്ധ്ര, ഹരിയാന എന്നിവരാണ് കേരളത്തിന്റെ എതിരാളികൾ.ജനുവരി 11 ന് നടക്കുന്ന മത്സരത്തിൽ മുംബൈ വാംഖഡേ സ്റ്റേഡിയത്തിൽ പോണ്ടിച്ചേരിയുമായിട്ടാണ് കേരളത്തിന്റെ ആദ്യ മത്സരം.സഞ്ജു സാംസണാണ് കേരള ടീം ക്യാപ്റ്റൻ. സച്ചിൻ ബേബി വൈസ് ക്യാപ്റ്റനാണ്.മുൻ ഇന്ത്യൻ താരങ്ങളായ റോബിൻ ഉത്തപ്പ, എസ്.ശ്രീശാന്ത്, ഐ.പി.എൽ താരങ്ങളായ ബാസിൽ തമ്പി,കെ.എം.ആസിഫ്, വിഷ്ണു വിനോദ് എന്നിവർ അടങ്ങിയ താരസമ്പുഷ്ടമായ ടീമാണ് കേരളം.