palam
കുറ്റിക്കോൽ പാലം

പാപ്പിനിശ്ശേരി: ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന കുറ്റിക്കോൽ പാലം ദുരന്തത്തിന് വിളിപ്പാടകലെ. പല തവണ ശ്രദ്ധയിൽപെടുത്തിയിട്ടും പൊതുമരാമത്ത് വകുപ്പ് ദുരന്തസാദ്ധ്യതയ്ക്ക് നേരെ കണ്ണടച്ചുനിൽക്കുകയാണ്.

കണ്ണൂർ- തളിപ്പറമ്പ് ദേശീയപാതയിൽ പ്രധാനപ്പെട്ട പാലമാണ് കുറ്റിക്കോൽ പുഴയ്ക്ക് കുറുകേയുള്ളത്. 25 വർഷം മുമ്പ് പണിത പാലത്തിന്റെ കോൺക്രീറ്റ് അടർന്ന് കമ്പികൾ തുരുമ്പെടുത്ത നിലയിലാണ്. കൈവരികൾ പൂർണമായും അടർന്നുവീണു. പില്ലറുകളുടെ കമ്പികളും പുറത്തുകാണുന്നുണ്ട്. പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്ന കാര്യത്തിൽപോലും പ്രകടമായ അനസ്ഥയാണ്. ഫുട്പാത്ത് സ്ലാബ് പൂർണമായും തകർന്നതിനാൽ കാൽനടക്കാർക്ക് അരക്ഷിതാവസ്ഥയാണ്. തുരുമ്പെടുത്ത കമ്പികൾ കാൽനടയാത്രക്കാരുടെ കാലിൽ തുളഞ്ഞുകയറിയ അനുഭവങ്ങളും ഇവിടെയുണ്ട്.

ദേശീയപാതാ വികസനം നടക്കുമ്പോൾ പാലത്തിന്റെ ബലക്ഷയം പരിഗണിക്കപ്പെടുമെങ്കിലും അതിനുള്ളിൽ അറ്റകുറ്റപ്പണി നടത്തി ദുരന്തസാദ്ധ്യത ഇല്ലാതാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.