കണ്ണൂർ: ഇലക്ട്രിക് കാറുകളുടെ എണ്ണം നിരത്തിൽ വർദ്ധിക്കാൻ തുടങ്ങിയതോടെ ഇത് തങ്ങളുടെ വ്യവസായം അഭിവൃദ്ധിപ്പെടുത്താൻ കഴിയുമോ എന്ന സാദ്ധ്യത തേടി വൻകിട ഹോട്ടൽ, ലോഡ്ജ് ഉടമകൾ. ചാർജ് തീർന്നുകഴിഞ്ഞാൽ ഒൻപതുമണിക്കൂറോളം റീചാർജിന് വേണ്ടിവരുന്ന സാഹചര്യത്തിൽ ചാർജിംഗ് പോയിന്റുകൾ ഒരുക്കിയാൽ യാത്രക്കാർ തങ്ങളുടെ ആതിഥ്യം സ്വീകരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇവർ.
നിലവിൽ നിശ്ചിത കിലോമീറ്റർ ദൂരത്തിൽ ഓടാൻ ശേഷിയുള്ള കാറുകളാണ് വൻകിട കമ്പനികൾ പുറത്തിറക്കിയിട്ടുള്ളത്. ബാറ്ററിയിൽ വൈദ്യുതി കുറയുന്ന മുറയ്ക്ക് ചാർജ് ചെയ്യാനുള്ള ചാർജിംഗ് പോയിന്റുകൾ നിലവിലുണ്ട്. സംസ്ഥാന വൈദ്യുത ബോർഡ്, അനർട്ട് എന്നിവ കൂടാതെ സ്വകാര്യ സംരംഭകരും ചാർജിംഗ് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ മാത്രം നിലവിൽ ആറ് ചാർജിംഗ് പോയിന്റുകളുണ്ട്. കെ.എസ്.ഇ.ബി കൂടുതൽ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാനുള്ള നടപടികൾ എടുത്തിട്ടുണ്ട്.
റീചാർജിംഗ് ദീർഘദൂര യാത്രക്കാരെ സംബന്ധിച്ച് സമയനഷ്ടത്തിനും വിരസതയ്ക്കും കാരണമാകും. പാർക്കിംഗ് സൗകര്യങ്ങളുള്ള ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ചാർജിംഗ് പോയിന്റുകൾ സ്ഥാപിച്ചാൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്ന ആളുകളെ ആകർഷിക്കാൻ കഴിയുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.
ദീർഘദൂര യാത്രക്കാരുടെ ഇടവേളകളിലെ വിരസത മാറ്റാനും 9 മണിക്കൂർ സമയം വിശ്രമിക്കാനും മുറികൾ പ്രയോജനപ്പെടുത്താൻ യാത്രക്കാർ തയ്യാറാകുമെന്നാണ് കണക്കുകൂട്ടൽ. പാർക്കിംഗ് സൗകര്യമുള്ള ലോഡ്ജുകളിൽ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാനാണ് ഇവർ പദ്ധതിയിടുന്നത്.
220 കി.മീറ്ററിനു ശേഷം ഇടവേള
ബാറ്ററി പൂർണമായും ചാർജ് ചെയ്താൽ 220 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഇലക്ട്രിക് കാറുകൾക്ക് കഴിയും. അതേസമയം 50 ശതമാനം വൈദ്യുതി കഴിയുമ്പോൾ ചാർജിനിട്ടാൽ നാല് മണിക്കൂർ മതിയാകും. 450 രൂപയാണ് ഇപ്പോൾ ചാർജ് ചെയ്യാൻ ഈടാക്കുന്നത്. എന്നാൽ ഒന്നര മണിക്കൂർ കൊണ്ട് പൂർണമായും ചാർജ് ചെയ്യാനുള്ള സംവിധാനമുണ്ടെങ്കിലും ഇത് സാർവ്വത്രികമായിട്ടില്ല. ചിലവാകട്ടെ കൂടുതലുമാണ്.