കണ്ണൂർ: കൊവിഡിനെ തുടർന്ന് കുടിശ്ശിക കൂടികൂടി ചെറുകിടകരാറുകാർ കടക്കെണിയിലേക്ക്. പണി പൂർത്തിയാക്കി നൽകിയ പ്രവൃത്തികളുടെ ബിൽ പോലും മാറി നൽകാതെ സർക്കാർ ഇവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒരു വർഷത്തിലേറെയായി ഇവർക്ക് കുടിശിക ലഭിച്ചിട്ട്. ചെറുകിട കരാറുകാർക്ക് 2500 കോടിയോളം കുടിശ്ശിക നൽകാനുണ്ട്.
കഴിഞ്ഞ മാസങ്ങൾക്കിടയിൽ നിർമാണ വസ്തുക്കളായ സിമന്റ്, സ്റ്റീൽ, പി.വി.സി പൈപ്പുകൾ, ടാർ, ക്വാറിക്രഷർ ഉത്പ്പന്നങ്ങൾ തുടങ്ങിയവയ്ക്ക് 40 മുതൽ 60 ശതമാനം വരെയാണ് വില വർദ്ധനവുണ്ടായത്. പെട്രോളിയം ഡീസൽ ഉത്പന്നങ്ങളുടെ വിലയും ക്രമാതീതമായി വർദ്ധിച്ചു. ഇതെല്ലാം കരാറുകാർക്ക് പ്രതികൂല സാഹചര്യമാണുണ്ടാക്കിയത്. കൊവിഡ് കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ഇ.എം.ഡി, സെക്യൂരിറ്റി, പൂർത്തിയാക്കൽ സമയം എന്നിവയിൽ ഇളവുകൾ അനുവദിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഇതും അനുവദിച്ചില്ല.
കൊവിഡിൽ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ മേയ് 20 മുതൽ തന്നെ കരാറുകാർ പണികൾ പുനരാരംഭിച്ചതാണ്. ഈ സമയത്ത് പൂർത്തിയാക്കിയ പണികളുടെ ബില്ലുകളൊക്കെ കെട്ടികിടക്കുകയാണ്. നിലവിൽ ജൽ ജീവൻ മിഷൻ, ലൈഫ് ഭവന പദ്ധതി, പി.എം.ജി.എസ്. വൈ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രവൃത്തികളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. ബാങ്കുകളിൽ നിന്നും മറ്റും ലോണെടുത്ത് പ്രവൃത്തികൾ പൂർത്തിയാക്കിയ കരാറുകാർ ജപ്തിയുടെ വക്കിലാണ്. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ബാങ്കിൽ നിന്നുമാണ് കരാറുകാർക്ക് കൂടുതലും ലോണുകൾ ലഭിക്കുന്നത്. എന്നാൽ കൊവിഡ് കാലത്ത് ലോണിനുള്ള രജിസ്‌ട്രേഷൻ ചാർജ്ജും പ്രോസസിംഗ് ചാർജ്ജും നാലിരട്ടിയാക്കിയതും കരാറുകാർക്ക് ഇരുട്ടടിയായി.
രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന തങ്ങളുടെ കുടിശിക ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ സൂചനാ സമരവും നടത്തി. കരാറുകാരുടെ കുടിശ്ശിക ഉടൻ കൊടുത്തു തീർക്കുക, കരിനിയമങ്ങൾ പിൻവലിക്കുക, കൊവിഡ് പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക പാക്കേജ് തയ്യാറാക്കുക തുടങ്ങിയവയാണ് ഇവരുടെ ആവശ്യങ്ങൾ.
ആത്മഹത്യയുടെ വക്കിലായ കരാറുകാരുടെ ബില്ലുകൾ സർക്കാർ എത്രയും പെട്ടെന്ന് മാറിതരണം. റോഡ്, കെട്ടിട, ജലവിതരണ പദ്ധതികളും അറ്റകുറ്റപ്പണികളും തുടരാനാവാത്ത സ്ഥിതിയാണ്. കരാറുകാരുടെ പ്രശ്നങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിരവധി പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. മറ്റ് ബാങ്ക് ലോണുകളും കൈവശമുള്ള ഭൂമിയുമെല്ലാം പണയം വെച്ചാണ് കരാറുകാർ ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തിയാക്കിയത്.
സി. രാജൻ, ജില്ലാ പ്രസിഡന്റ്,ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ