കണ്ണൂർ :ജോസ് കെ. മാണി രാജിവച്ച ഒഴിവിലെ രാജ്യസഭാ സീറ്റിനുള്ള കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ സാദ്ധ്യതാ പട്ടികയിൽ ,പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയും കണ്ണൂർ സ്വദേശിയുമായ പി.ടി. ജോസിന് മുൻഗണന. സി.പി.എമ്മും ,ഇടതുമുന്നണിയും സീറ്റ് തുടർന്നും പാർട്ടിക്കു തന്നെ നൽകാനുള്ള സാദ്ധ്യത കണക്കിലെടുത്താണിത്.
കേരള കോൺഗ്രസ് -എം നേതാക്കളായ പ്രൊഫ. കെ. ഐ. ആന്റണി, മുൻ എം. എൽ. എ സ്റ്റീഫൻ ജോർജ് എന്നിവരും പരിഗണനയിലുണ്ട്. കെ.എസ്. എഫ്.ഇ മുൻ ചെയർമാനായ പി.ടി. ജോസ് കെ.എം.മാണിയുടെ വിശ്വസ്തരിൽ ഒന്നാം നിരയിലായിരുന്നു..ഏപ്രിലിൽ രാജ്യസഭയിലേക്ക് കേരളത്തിൽ നിന്ന് മൂന്നു ഒഴിവുകൾ കൂടി വരുന്നുണ്ട്. വയലാർ രവി, കെ.കെ. രാഗേഷ്, അബ്ദുൾ വഹാബ് എന്നിവരുടെ കാലാവധിയാണ് ഏപ്രിലോടെ കഴിയുന്നത്. ജോസ് ഒഴിഞ്ഞ സീറ്റിലേക്ക് മാത്രമായി തിരഞ്ഞെടുപ്പ് നടക്കുമോ, അതോ നാലും ഒരുമിച്ചാവുമോ എന്നാണറിയേണ്ടത്.