
കണ്ണൂർ: കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കേരളത്തിലെ കർഷകരുടെ ദില്ലി ചലോ മാർച്ചിന് കണ്ണൂരിൽ ആവേശത്തുടക്കം. കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ അഞ്ഞൂറ് കർഷക വോളന്റിയർമാരാണ് ഡൽഹിലേക്ക് പുറപ്പെട്ടത്. ഹെഡ്‌പോസ്റ്റ് ഓഫീസ് പരിസരത്തെ സംയുക്ത കർഷക സത്യാഗ്രഹ വേദിയിൽ കിസാൻ സഭാ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എസ്. രാമചന്ദ്രൻ പിള്ള മാർച്ച് ഫ്ളാഗ് ഓഫ് ചെയ്തു.
കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റും ടീം ലീഡറുമായ വി.എം. ഷൗക്കത്ത്, സംസ്ഥാന കമ്മിറ്റി അംഗവും ഡെപ്യൂട്ടി ലീഡറുമായ കെ.സി. മനോജ് എന്നിവർക്ക് പതാക കൈമാറിയായിരുന്നു ഉദ്ഘാടനം. കർഷകരുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും സംരക്ഷിക്കാനാണ് ഈ പോരാട്ടമെന്ന് എസ്.രാമചന്ദ്രൻപിള്ള പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.കെ. രാഗേഷ് എം.പി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ സംസാരിച്ചു.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ജയരാജൻ, കെ.പി. സഹദേവൻ, ഡോ. വി.ശിവദാസൻ, കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. പ്രകാശൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ് ഒ.വി. നാരായണൻ, സെക്രട്ടറി പനോളി വത്സൻ എന്നിവരും സംബന്ധിച്ചു. പ്രത്യേക ബസുകളിലാണ് സംഘം കണ്ണൂരിൽനിന്നു പുറപ്പെട്ടത്.അതിർത്തിയിൽ തടഞ്ഞാൽ അവിടെത്തന്നെ നിലയുറപ്പിച്ച് സമരം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി കെ.എൻ. ബാലഗോപാൽ അറിയിച്ചു.