stadium
ഫെൻസിംഗ് തകർന്ന സ്ഥലത്തു കൂടി കുട്ടികൾ സിന്തറ്റിക് സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നു.

തൃക്കരിപ്പൂർ: തൃക്കരിപ്പൂരിന്റെയും പരിസര പ്രദേശത്തിന്റെയും ഫുട്ബാൾ രംഗത്തെ വികസനം ലക്ഷ്യമാക്കി 2.75 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച സിന്തറ്റിക് സ്റ്റേഡിയം പരിചരണമില്ലാതെ അനാഥാവസ്ഥയിൽ. നടക്കാവിലെ കൃത്രിമ പുൽത്തകിടി പിടിപ്പിച്ച രാജീവ് ഗാന്ധി സ്റ്റേഡിയമാണ് ഫെൻസിംഗ് തകർന്നും ടർഫിന്റെ സ്വാഭാവികത നഷ്ടപ്പെട്ടും കുഴികൾ രൂപപ്പെട്ടുമൊക്കെ നശിച്ചുകൊണ്ടിരിക്കുന്നത്.

2016 നവംബർ 26നാണ് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരൻ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. ജില്ലയിലെ ആദ്യ സിന്തറ്റിക് സ്റ്റേഡിയമെന്ന നിലയിൽ ഏറെ പ്രതീക്ഷ പുലർത്തിയതായിരുന്നു ഈ സ്റ്റേഡിയം. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിനായിരുന്നു സംരക്ഷണ ചുമതല. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു സംരക്ഷണ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. അനുമതിയില്ലാതെ അകത്തുകടക്കാൻ കഴിയാത്ത വിധം നിർമ്മച്ച കമ്പിവേലി പലയിടത്തും തകർത്ത നിലയിലാണുള്ളത്. ഇതിലൂടെ രാവും പകലുമെന്നോണം കുട്ടികളടക്കമുള്ളവർ അകത്തു കയറുന്നത് പതിവാവുകയാണ്. സന്ധ്യ മയങ്ങിയാൽ തെരുവുപട്ടികളുടെ വിഹാര രംഗമായി മാറുകയാണ് സ്റ്റേഡിയം.

മദ്യപസംഘങ്ങളും ഇവിടെ തമ്പടിക്കുന്നുണ്ട്. ഇവർ വലിച്ചെറിയുന്ന ഭക്ഷ്യാവശിഷ്ടങ്ങളും കുപ്പിയും മൈതാനത്തിൽ ചിതറിക്കിടക്കുകയാണ്. ടർഫിന്റെ പലഭാഗങ്ങളും തെരുവുനായകൾ കടിച്ചുകീറിയ നിലയിലാണ്. പെനാൽറ്റി ഏരിയ, ഫൈബർ നാരുകൾക്കിടയിൽ വിതറേണ്ട ചെറിയ റബ്ബർ ബോളുകളുടെ അഭാവം, ടർഫ് വെള്ളം നനക്കാത്തതു മൂലമുണ്ടാക്കുന്ന പ്രതികൂലാവസ്ഥ എന്നിവയും സ്റ്റേഡിയത്തെ നശിപ്പിക്കുകയാണ്.

അനുമതിയില്ലാതെ സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നത് ശിക്ഷാർഹമാണെന്ന് പഞ്ചായത്ത് ബോർഡ് പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാൽ ബോർഡിന് തൊട്ടു താഴെയായി ഇരുമ്പു നെറ്റ് തകർത്തതിനാൽ അകത്തേക്ക് പ്രവേശിക്കാനുള്ള സൗകര്യമുണ്ട്. സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം അവസ്ഥ നിലനിൽക്കുന്നുണ്ട് .

അറ്റകുറ്റപ്പണിക്ക് അനുമതിയില്ലെന്ന് പഞ്ചായത്ത്

സ്റ്റേഡിയം സംരക്ഷണവുമായി ബന്ധപ്പെട്ട പരാതികൾ കായിക സംഘടനകളിൽ നിന്നും നിരന്തരം ലഭിക്കുന്നുണ്ട്. എന്നാൽ സംസ്ഥാന കായിക കാര്യാലയം ഏറ്റെടുത്ത മൈതാനത്തിന് അറ്റകുറ്റപ്പണി നടത്താൻ പഞ്ചായത്തിന് പ്രത്യേക അനുമതി വേണം. അതു തരാൻ അധികാരപ്പെട്ടവർ തയ്യാറാക്കുന്നില്ല. പ്രസ്തുത സ്റ്റേഡിയം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട രേഖകൾ സംസ്ഥാന കായിക യുവജന കാര്യാലയം ഡയറക്ടർക്ക് വർഷങ്ങൾക്ക് മുമ്പെ സമർപ്പിച്ചിട്ടുണ്ട്. മാസങ്ങളായിട്ടും ഒരു വിവരവുമില്ലാത്തതു കാരണം മൂന്നു തവണ റിമൈൻഡർ അയച്ചു. കഴിഞ്ഞവർഷം സെപ്തംബർ എട്ടിനാണ് അവസാനമായി കത്തയച്ചത്.

സ്റ്റേഡിയം സ്പോർട്സ് കൗൺസിൽ ഏറ്റെടുത്തതായി ഒരു രേഖയും ഇതുവരെയായി ലഭിച്ചിട്ടില്ല. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചാൽ നടപടികൾ സ്വീകരിക്കാൻ തയ്യാറാണ്-

ഹബീബ് റഹ്മാൻ, പ്രസിഡന്റ് ജില്ലാ സ്പോർട്സ് കൗൺസിൽ

സംരക്ഷണമില്ലാതെ സിന്തറ്റിക് മൈതാനം നശിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. മൈതാനം ജില്ലാ ഫുട്ബാൾ അസോസിയേഷന് കൈമാറുമെങ്കിൽ, പവലിയനടക്കം നിർമ്മിച്ച് സ്റ്റേഡിയം സംരക്ഷിക്കാൻ തയ്യാറാണ്. ദേശീയ ഫുട്ബാൾ മേളവരെ തൃക്കരിപ്പൂരിലേക്ക് കൊണ്ടുവരാനുള്ള സാഹചര്യവുമുണ്ട്.

വീരമണി ചെറുവത്തൂർ, പ്രസിഡന്റ്, ജില്ലാ ഫുട്ബാൾ അസോസിയേഷൻ.